ഗുരുതരാവസ്ഥ കുറവാണെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡിന്റെ ജനിതക വകഭേദമാണ് ഒമിക്രോണ്‍. വ്യാപനം വളരെ കൂടുതലായതിനാല്‍ സംസ്ഥാനത്തെ സംബന്ധിച്ച് അതു വളരെ നിര്‍ണായകമാണ്. വയോജനങ്ങളും അനുബന്ധ രോഗങ്ങളുള്ളവരും ഇവിടെ കൂടുതലുള്ളതിനാല്‍ ഗുരുതര രോഗികളും മരണങ്ങളും കൂടാന്‍ സാധ്യതയുണ്ട്.
വാക്സിനെടുത്തവർക്ക്…
ഒമിക്രോണ്‍ പ്രതിരോധത്തില്‍ കോവിഡ് വാക്സിനേഷന് വളരെ പ്രധാനമാണ്. വാക്സിനെടുത്തവര്‍ക്ക് ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും, ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ വാക്സിന് എടുത്തവര്‍ക്ക് കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനും കോവിഡ് വന്നവര്‍ക്ക് വീണ്ടും വരുന്ന റീ ഇന്‍ഫെക്ഷനും മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്വയം പ്രതിരോധം ഏറെ പ്രധാനമാണ്.
ഭക്ഷണം കഴിക്കുന്പോൾ…
ആരില്‍ നിന്നും രോഗം പകരാമെന്ന ഒരു പൊതുബോധം എല്ലാവര്ക്കും ഉണ്ടായിരിക്കണം. മാസ്ക്, വായൂ സഞ്ചാരമുള്ള മുറി, വാക്സിനേഷന് എന്നിവ ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ്. എന്‍ 95 മാസ്ക് ഒമിക്രോണിനെതിരെ ഫലപ്രദമായ പ്രതിരോധമൊരുക്കുന്നു.
പൊതുയിടങ്ങളില്‍ എവിടെ പോകുമ്പോഴും എന്‍ 95 മാസ്ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. വായും മൂക്കും മൂടത്തക്ക വിധം മാസ്ക് ധരിക്കണം. മാസ്ക് താഴ്ത്തി സംസാരിക്കരുത്. അകലം പാലിക്കാതെയിരുന്ന് ഭക്ഷണം കഴിക്കരുത്.
വായൂസഞ്ചാരമുള്ള മുറികൾ
വായൂസഞ്ചാരമുള്ള മുറികള്‍ക്ക് പ്രാധാന്യം നല്‍കണം. ഓഫീസുകള്‍, തൊഴിലിടങ്ങള്‍, സ്കൂളുകള്‍, മാര്‍ക്കറ്റുകള്‍, കടകള്‍, പൊതുഗതാഗതം എന്നിവിടങ്ങളിലെല്ലാം വായൂ സഞ്ചാരം ഉറപ്പാക്കണം. അടച്ചിട്ട ഇടങ്ങളിലാണ് കോവിഡ് വേഗത്തില്‍ പകരുന്നത്. ഒമിക്രോണ്‍ സാധ്യതയുള്ളതിനാല്‍ ഇത് വളരെ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ട്.
ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം. കടകളില്‍ പോകുന്നവര്‍ സാമൂഹിക അകലം പാലിക്കണം. ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പൊതുചടങ്ങുകളിൽ…
വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ ക്വാറന്റൈൻ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്ന നിരവധി പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ച സ്ഥിതിക്ക് അവരും ശ്രദ്ധിക്കണം.
ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നു വന്ന് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 7 ദിവസം വീടുകളില്‍ കഴിയുന്നതാണ് നല്ലത്. ഒരു കാരണവശാലും പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയോ പൊതുഗതാഗതം ഉപയോഗിക്കയോ ചെയ്യരുത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്.
എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ സ്വയം
നിരീക്ഷണത്തില്‍ പോകേണ്ടതും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്യേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവര്‍ യാതൊരു കാരണവശാലും പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ പൊതുചടങ്ങുകളില്പങ്കെടുക്കുകയോ ചെയ്യരുത്.
അലർജി ഉണ്ടെങ്കിൽ…
ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും തങ്ങളുടെ 15 മുതസ് 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിന് എടുത്തെന്ന് ഉറപ്പ് വരുത്തണം. മറ്റസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്സിന് സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണം.
ഭക്ഷണം കഴിച്ചതിന് ശേഷം വാക്സിനേഷന് കേന്ദ്രത്തിലെത്തുക. ഒമിക്രോണ്‍ സാഹചര്യത്തില്‍ കുടിക്കാനുള്ള വെള്ളം അവരവര്‍ കരുതുന്നതാണ് നല്ലത്. വാക്സിനേഷന് കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം.
കുട്ടികളായതിനാല്‍ സമയമെടുത്തായിരിക്കും വാക്സിനേഷന് പ്രക്രിയ പൂര്‍ത്തിയാക്കുക. കൂടെ വരുന്ന രക്ഷാകര്‍ത്താക്കളും തിരക്ക് കൂട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വാക്സിനേഷന് കേന്ദ്രത്തില്‍ സൂപ്പര്‍വൈസറും വാക്സിനേറ്ററും ഉണ്ടാകും. കുട്ടിക്ക് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളോ അലര്‍ജിയോ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വാക്സിനേഷന് സ്ഥലത്തേക്ക് വിടുന്നു.
ഒരിക്കല്‍ക്കൂടി വാക്സിനേറ്റര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച ശേഷം വാക്സിന് നല്കുന്നു. വാക്സിന് നല്കിയ ശേഷം കുട്ടികളെ അര മണിക്കൂര്‍ നിരീക്ഷിക്കുന്നതാണ്. മറ്റ് ബുദ്ധിമുട്ടുകളില്ലെന്ന് ഉറപ്പ് വരുത്തി അവരെ വിടുന്നു.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ വകുപ്പ്,
നാഷണൽ ഹെൽത്ത് മിഷൻ & ആരോഗ്യ കേരളം