ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് കർണാടകയിൽ എത്തിയ രണ്ടു പുരുഷൻമാർക്കാണ് രോഗം ബാധിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇരുവർക്കും സമ്പർക്കമുള്ള 15 ഓളം പേരെ കണ്ടെത്തിയതായും ഇവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായും കർണാടക ആരോഗ്യവകുപ്പും അറിയിച്ചു.
66, 46 വയസുള്ള പുരുഷന്മാർക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 66 വയസുകാരനുമായുള്ള സമ്പർക്കത്തിലൂടെയാണ് 46 കാരന് രോഗം പിടിപെട്ടതെന്നാണ് റിപ്പോർട്ട്.
ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ല. നിലവിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും 10 പേരുടെ പരിശോധനാ ഫലം കൂടി ഉടൻ പുറത്തുവരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.