ചെന്നൈ: ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു.തമിഴ്നാട്ടിൽ 34 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കൂടുതൽ പരിശോധനകളും, രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കലും നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി എം. മുസുബ്രഹ്മണ്യൻ അറിയിച്ചു.
സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. കർണാടകയിൽ 12 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കൊവിഡ് വകഭേദം കണ്ടെത്തിയവരുടെ എണ്ണം 31 ആയി. തെലങ്കാനയിൽ 14 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.
രോഗികളുടെ എണ്ണം 38 ആയി. കേരളത്തിൽ 29 പേരാണ് രോഗ ബാധിതരായുള്ളത്. ഒമിക്രോൺ കേസുകളുടെ എണ്ണം രാജ്യത്തെമ്പാടും ഉയരുകയാണ്. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 341 ആയി ഉയർന്നു. കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും.
ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താഴേത്തട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ദില്ലിയിൽ ചേര്‍ന്ന അവലോകന യോഗത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
തെരഞ്ഞെടുപ്പ്, ഉത്സവകാലങ്ങള്‍ക്ക് മുന്നോടിയായി രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ രാത്രികാല കര്‍ഫ്യൂ അടക്കം നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താൻ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്കി. രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളിലേക്കും, വാക്സീനേഷൻ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘത്തെ അയക്കും.
ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്സീനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രതിരോധ കുത്തിവയ്പിന്റെ വേഗം കൂട്ടണമെന്നും നിർദേശം നൽകിയിട്ടുണ്ട്.