ഒമിക്രോണിനെ തീവ്രത കുറഞ്ഞതായി കാണുന്നത് അബദ്ധമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്.
ആവശ്യത്തിനു ജീവനക്കാരില്ലാത്തതും ആശുപത്രികളില്‍ രോഗികള്‍ നിറയുന്നതും വലിയ തോതിലുള്ള മരണങ്ങള്‍ക്കിടയാക്കും.
ആദ്യഘട്ട വാക്സിനേഷന്‍കൊണ്ട് മാത്രം രോഗം വരാതിരിക്കില്ല. ഒമിക്രോണ്‍ അവസാനത്തെ വകഭേദമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനാല്‍ ശരിയായ രീതിയില്‍ മാസ്ക്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ളവ ഇനിയും സൂക്ഷ്മമായി തുടരണം.
ഒമിക്രോണിനു ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷി കൂടുതലാണ്. അതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബൂസ്റ്റര്‍ഡോസ് എടുക്കുന്നവരുടെ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. മഹാമാരിയുടെ അവസാനമല്ല ബൂസ്റ്റര്‍ഡോസ്.
വാക്സീനുകള്‍ എല്ലായിടത്തും എത്താത്തത് പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമായി മാറി.
വിവിധ രാജ്യങ്ങള്‍ വാക്സിന് പങ്കുവയ്ക്കാനും ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന്റെ കാര്യത്തില്‍ മുന്നോട്ടു വരേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നുള്ള കണക്കുകളും ടെഡ്രോസിന്റെ വാക്കുകള്‍ ശരിവയ്ക്കുന്നു.