കൊച്ചി/ നെടുമ്പാശേരി: ഈ മാസം ആറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് ഒമിക്രോണ്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വിമാനത്താവളത്തില്‍ അതീവ ജാഗ്രത. യുകെയില്‍നിന്നും എത്തിയ യാത്രക്കാരന് എട്ടിന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നുവെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ പറഞ്ഞു.
ചില സാഹചര്യങ്ങളില്‍ രോഗബാധയുണ്ടായാല്‍ ഏഴു മുതല്‍ പത്തു ദിവസം വരെയുള്ള പരിശോധനയില്‍ ഇത് വ്യക്തമാകണമെന്നില്ല. ഇക്കാരണത്താലാണ് വിദേശത്തുനിന്നും എത്തുന്ന യാത്രക്കാരോട് നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.
പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ
പുതിയ സാഹചര്യത്തില്‍ റിസ്ക് രാജ്യങ്ങളില്‍നിന്നും എത്തുന്നവരെ പ്രത്യേകമായി പരിശോധനകള്‍ക്ക് വിധേയമാക്കും. ഇവര്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറുകളും തുറക്കും.
ഒരേ സമയം 700 അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യം സിയാലില്‍ നിലവില്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. 350 പേര്‍ക്ക് റാപിഡ് ടിപിസിആര്‍ പരിശോധനയ്ക്കും 350 പേര്‍ക്കു സാധാരണ ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്കുമാണ് സൗകര്യമുള്ളത്.
റാപിഡ് ടിപിസിആര്‍ പരിശോധനയുടെ ഫലം അര മണിക്കൂറിനകവും സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം അഞ്ച് മണിക്കൂറിനകവുമാണ് ലഭ്യമാകുന്നത്.
40 ഓളം പേര് നിരീക്ഷണത്തില്‍; 109 പേര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ യുകെയില്‍ നിന്നെത്തിയ ഭാര്യയും നാട്ടിലുള്ള ഭാര്യാമാതാവും കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
ഇരുവരുടെയും രക്തസാമ്പിളുകള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിലേക്ക് അയച്ചു. വിമാനത്തിൽ ഇദേഹത്തിന്റെ സീറ്റിന് സമീപത്തെ സീറ്റുകളില്‍ യാത്ര ചെയ്ത 40 ഓളം പേരുടെ പട്ടിക തയാറാക്കുകയും ഇവരുമായി ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഇക്കാര്യത്തിന് നിരീക്ഷണം നടത്തും.
ഒമിക്രോൺ സ്ഥിരീകരിച്ചയാളെ വീട്ടിലെത്തിച്ച ടാക്സി ഡ്രൈവറും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. 36 പേര് എറണാകുളം ജില്ലക്കാരാണ്. 150 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രോഗിയുടെ അടുത്ത് 26 മുതല്‍ 32 വരെ സീറ്റുകളില്‍ ഇരുന്നവരെ ഹൈ റിസ്ക് വിഭാഗത്തില്‍ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.
കൂടാതെ ഈ വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റ് 109 പേര്‍ക്കും ജാഗ്രതാ നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഇതിനിടെ ഈ മാസം അഞ്ചിന് ലണ്ടനിലെ ഹീത്രുവില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ റഷ്യന്‍ സ്വദേശിക്ക് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത് ആശങ്ക പരത്തിയിരുന്നു.
ഇയാളെ അമ്പലമുകളിലെ പ്രത്യേക കേന്ദ്രത്തിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ഇയാള്‍ക്ക് ഒമിക്രോണ്‍ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ആശങ്കയൊഴിഞ്ഞത്.
ഹൈ റിസ്ക് പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധന
തിരുവനന്തപുരം: ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനം ജാഗ്രതയിൽ. ഹൈറിസ്ക് പട്ടികയിലുള്ളവരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കും. യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6നാണ് കൊച്ചിയിലെത്തിയത്.
വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ഇതേത്തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യ, അമ്മ, വിമാനത്തിൽ അടുത്ത സീറ്റുകളിലുണ്ടായിരുന്നവർ എന്നിവരും ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തില്‍ ഉണ്ടായിരുന്ന 149 യാത്രക്കാരിൽ എറണാകുളം സ്വദേശിയുടെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെയാണ് ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.