ന്യൂഡൽഹി: ഒമിക്രോണ്‍ ആശങ്ക വ്യാപകമാകുന്നതിനിടെ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍.
വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ യാത്രയ്ക്ക് 14 ദിവസം മുന്‍പുവരെ നടത്തിയ യാത്രയെക്കുറിച്ചു വ്യക്തമാക്കണം.
എയര്‍ സുവിധ പോര്‍ട്ടലില്‍ കയറി സ്വയം സാക്ഷ്യപത്രം നല്‍കുകയാണ് ചെയ്യേണ്ടത്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവായതിന്റെ രേഖകളും ഇതില്‍ അപ്ലോഡ് ചെയ്യണം.
അറ്റ് റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവുമുണ്ട്. ഇന്ത്യയിലെത്തിയതിനു ശേഷം ഇവര്‍ കോവിഡ് പരിശോധന നടത്തണം.
ഇതിന്റെ ഫലം ലഭിക്കുന്നതുവരെ ഇവര്‍ വിമാനത്താവളം വിടാനോ അടുത്ത വിമാനത്തില്‍ കയറാനോ പാടില്ല.
പരിശോധനഫലം പോസിറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കു മാറ്റും. ഇവരുടെ സാമ്പിള്‍ ജീനോം സിക്വന്സിംഗിനായി അയക്കും. പരിശോധനഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം വീട്ടില്‍ ക്വാറൻന്റൈനില്‍ കഴിയാം.
എട്ടാം ദിവസം വീണ്ടും പരിശോധിക്കണം. ഫലം നെഗറ്റീവ് ആണെങ്കില്‍ വീണ്ടും ഏഴുദിവസം കൂടി ക്വാറൻന്റെനില്‍ കഴിയണം.
അറ്റ് റിസ്കില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. എങ്കിലും ഇവര്‍ വീടുകളില്‍ 14 ദിവസം ക്വാറൻന്റൈനില്‍ കഴിയണം.
യൂറോപ്യന്‍ യൂണിയന്, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബ്രസീല്‍, ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാംബെ, സിങ്കപ്പൂര്‍, ഇസ്രയേല്‍, ഇംഗ്ലണ്ട് തുടങ്ങിയവയാണ് അതിജാഗ്രതാ പട്ടികയിലുള്ള രാജ്യങ്ങൾ.