തിരുവനന്തപുരം: ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നാലു ദിവസത്തെ രാത്രികാല നിയന്ത്രണം ഇന്നു മുതൽ. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെയാണു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ദേവാലയങ്ങളിലും മറ്റു പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്.ഇന്നു രാത്രി മുതൽ പത്തിനു ശേഷം കടകൾ പ്രവർത്തിക്കാൻ പാടില്ല.
രാത്രി പത്തിനു ശേഷം പുതുവത്സരാഘോഷങ്ങൾക്കും അനുമതിയില്ല. പുതുവത്സരത്തിൽ ദേവാലയങ്ങളിലെ തിരുക്കർമങ്ങൾക്ക് അനുമതി നൽകണമെന്ന് വ്യാപക ആവശ്യമുയർന്നിരുന്നു. എന്നാൽ, അതിന് അനുമതി ഉണ്ടാകില്ലെന്നു വ്യക്തമായിരിക്കുകയാണ്.