രാജ്യത്തെ ഭീതിയിലാഴ്ത്തി ഒമിക്രോണ്‍ വ്യാപനം. കര്‍ണാടക, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ പുതുതായി 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 83 ആയി ഉയര്‍ന്നു.
പുതിയ കേസുകളില്‍ അഞ്ചെണ്ണം കര്‍ണാടകയില്‍ നിന്നാണ് റിപ്പോര്‍ട്ടുചെയ്തത്. ഡല്‍ഹിയില്‍ നാലെണ്ണവും ഗുജറാത്തില്‍ ഒരു കേസുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 32 എണ്ണം. രാജസ്ഥാനില്‍ 17 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തില്‍ അഞ്ചുകേസുകളും. ഡിസംബര്‍ രണ്ടിന് കര്‍ണാടകയിലാണ് ഒമിക്രോണ്‍ രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ കേസുകളുടെ എണ്ണം കൂടിയതോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളും വര്‍ദ്ധിക്കുകയാണ്.
ഡെല്‍റ്റ വേരിയന്റിനെക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപനശേഷി ഒമിക്രോണിനുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായത്.
രോഗവ്യാപനം രൂക്ഷമാകാതിരിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യവും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ തയ്യാറെടുപ്പും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അവലോകനം ചെയ്തിരുന്നു.