സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹിയിൽ ഒരു കേസ് കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ 33 ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്തു.
സിംബാബ്വേയിൽ നിന്നു മടങ്ങിയെത്തിയ ആൾക്കാണ് ഡൽഹിയിൽ വകഭേദം വന്ന ഒമിക്രോണ്‍ കോവിഡ് വൈറസ് സ്ഥിരീകരിച്ചത്.
ആഗോള തലത്തിൽ ഒമിക്രോണ്‍ ആശങ്ക പടർത്തുകയാണ്. അതിനാൽ അപകടം മുന്നിൽ കണ്ടു കരുതിയിരിക്കണമെന്ന് കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ മുന്നറിയിപ്പു നൽകി.
ഡൽഹിയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്നു. തലസ്ഥാനത്തെ എൽഎൻജെപി ആശുപത്രിയിൽ വിദേശത്തു നിന്നെത്തിയ 27 പേരുടെ സാന്പിളുകളുടെ ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ രണ്ടു ദിവസത്തേക്കു കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതിനിടെ, കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കോവിഡിനെതിരേ ജില്ലാ തലത്തിൽ കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
കേരളം, മിസോറാം, അരുണാചൽ പ്രദേശ്, പുതുച്ചേരി, മണിപ്പൂർ, പശ്ചിമ ബംഗാൾ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ 19 ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചും പത്തും ശതമാനത്തിനിടയിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
കേരളം, മിസോറാം, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ എട്ടു ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിൽ അധികമാണ്. ഇതുൾപ്പടെ 27 സംസ്ഥാനങ്ങളിൽ കർശന നിരീക്ഷണം ആവശ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
ഏതെങ്കിലും ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നതു ശ്രദ്ധയിൽ പെട്ടാൽ പ്രാദേശികമായി കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് കർശന നിരീക്ഷണം നടത്തണം.
ആവശ്യമെങ്കിൽ രാത്രികാല കർഫ്യൂ, കൂട്ടം ചേരൽ നിരോധിക്കൽ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുന്ന ആളുകൾക്ക് പരിമിതി ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
എല്ലാ സ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തണമെന്നുമാണ് കേന്ദ്ര നിർദേശം.