ബ്രസൽസ്: ഒമിക്രോൺ കോവിഡ് വൈറസ് മൂലമുള്ള രോഗബാധ യൂറോപ്പിലുടനീളം പടരുന്നു. ഫ്രാൻസിലും സ്പെയിനിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ പുതിയ റിക്കാർഡുകൾ കുറിക്കപ്പെട്ടു.
ജർമനി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ക്രിസ്മസിനു ശേഷം കർശന ലോക്ഡൗണിലേക്കു പ്രവേശിക്കുമെന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വൈറസ് കുറച്ചുദിവസങ്ങൾക്കൊണ്ടു ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും എത്തിക്കഴിഞ്ഞു.
യൂറോപ്യൻ മേഖലയിലെ 38 രാജ്യങ്ങളിൽ ഈ വൈറസ് സ്ഥിരീകരിക്കപ്പെട്ടു. അതിവേഗം പടരുമെങ്കിലും രോഗം ഗുരുതരമാകുമെന്നു കണ്ടെത്തിയിട്ടില്ല.
സ്പെയിനിൽ ചൊവ്വാഴ്ച 49,823 പേർക്കു രോഗം സ്ഥിരീകരിച്ചു. ജനുവരിയിലെ 44,357ന്റെ റിക്കാർഡാണു മറികടന്നത്.
ഫ്രാൻസിൽ പ്രതിദിന രോഗബാധ 70,000ത്തിനു മുകളിലാണ്. വൈകാതെ ഒരു ലക്ഷം കടക്കുമെന്നാണ് ആരോഗ്യമന്ത്രി ഒലിവർ വെരാൻ പറഞ്ഞത്.
28 മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജർമനി തീരുമാനിച്ചു. പത്തിൽ കൂടുതൽ പേർ ഒത്തുചേരാൻ അനുവദിക്കില്ല. നിശാ ക്ലബ്ബുകൾ പൂട്ടും.
ഫുട്ബോൾ മത്സരങ്ങൾക്കു കാണികളെ അനുവദിക്കില്ല. പോർച്ചുഗലിൽ 26 മുതൽ നിശാ ക്ലബ്ബുകളും ബാറുകളും പ്രവർത്തിക്കില്ല.
ജനുവരി ഒന്പതുവരെ ആളുകൾ വീട്ടിലിരുന്നു ജോലി ചെയ്തുകൊള്ളണം. വീടിനു പുറത്തെ ഒത്തുചേരലുകളിൽ പത്തു പേരിൽ കൂടുതൽ പാടില്ല.
ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളും ഇതേപോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോകുകയാണ്. നേരത്തേ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തിയ നെതർലാൻഡ്സ് തിങ്കളാഴ്ച മുതൽ സന്പൂർണ ലൗോക്ഡൗണിലേക്കു മാറി.
അതിവേഗത്തിലുള്ള രോഗവ്യാപനം യൂറോപ്പിലെ ആരോഗ്യ സംവിധാനങ്ങളെ തകർച്ചയുടെ വക്കിലെത്തിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കി.