ഒമിക്രോൺ വൈറസിനെ കുറിച്ച് ലോകം പരിഭ്രാന്തരാകേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ തയാറെടുക്കേണ്ടതുണ്ട്.
ഒരു വർഷം മുമ്പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന് പറഞ്ഞു.
ഒമിക്രോൺ വ്യാപനശേഷി കൂടുതലുള്ള വൈറസാണ്. ലോകമെമ്പാടും ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഇതുമാറിയേക്കാം.
എന്നാൽ നിലവിൽ ആഗോളതലത്തിൽ 99 ശതമാനം കേസുകളും ഡെൽറ്റ വകഭേദം മൂലമാണ്. പുതിയ വൈറസിനെ നേരിടാൻ തയാറെടുക്കുകയും ജാഗ്രതയുമാണ് ആവശ്യം.
ഒരു വർഷം മുമ്പുള്ള സാഹചര്യമല്ല ഇന്നുള്ളതെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.
ഇതുവരെ നാൽപതോളം രാജ്യങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയത്. വലിയ നിലയിൽ മാറ്റം സംഭവിച്ച പുതിയ വകഭേദം കൂടുതൽ വ്യാപന ശേഷിയും വാക്സിനുകളെ മറികടക്കാനുള്ള ശേഷിയുമുള്ളതാണോയെന്ന് ഇപ്പോഴും വ്യക്തമല്ല.
ഒമിക്രോൺ വ്യാപനം തടയാൻ ലക്ഷ്യമിട്ട് 56 രാജ്യങ്ങൾ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ ഈ വൈറസ് ആഗോളതലത്തിൽ കോവിഡ് വ്യാപനം വർധിപ്പിക്കുമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കിയിരുന്നു.