വാഷിംഗ്ടൺ: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം മൃഗങ്ങളിൽനിന്നാകാം മനുഷ്യരിലേക്കു പ്രവേശിക്കുന്നതെന്നു പഠനറിപ്പോർട്ട്.
വാഷിംഗ്ടണിലെ നാഷണൽ അക്കാഡമി ഓഫ് സയൻസസ് അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനത്തിലാണ് ഒമിക്രോൺ വകഭേദത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ച.
നിരവധി ജീവിവർഗങ്ങളിൽ പ്രവേശിക്കാൻ ശേഷിയുള്ളതാണ് കോവിഡ് -19 വൈറസ്. ഇതാണ് വകഭേദങ്ങൾ കൂടതലാകാനുള്ള കാരണമെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ മിനസോട്ട സർവകലാശാലയിലെ ഗവേഷകനായ ഫാംഗ് ലി പറഞ്ഞു.
ജീവകോശങ്ങളിൽ പ്രവേശിക്കാൻ വൈറസിനെ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളിലെ മാറ്റങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.
മൂഷികവർഗത്തിൽപ്പെടുന്ന ജീവികളിലെ പകർച്ചവ്യാധി നിയന്ത്രണം പുതിയ വകഭേദങ്ങളെ തടയുന്നതിൽ നിർണായകമാണ്.
മൃഗങ്ങളിൽനിന്നു പുതിയ വകഭേദങ്ങൾ പടരുന്നത് ആഗോള ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.