നന്നായി പതപ്പിച്ച കോഴി മുട്ടയിൽ കുറച്ച് ഉള്ളിയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഒക്കെ ചേർത്ത് ഇളക്കി ചൂടായ തവയിലേക്ക് ഒഴിച്ച് പൊരിച്ചെടുത്താലുണ്ടല്ലോ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. കൂടിപ്പോയാൽ ഇരുപതോ മുപ്പതോ ആയിരിക്കും നമ്മുടെ നാട്ടിൽ ഓംലെറ്റിന്റെ വില. എന്നാൽ ഓംലെറ്റിന് 3500 രൂപ എന്നു പറഞ്ഞാൽ കഴിച്ച മുട്ട പുറത്തേക്ക് ചാടിപ്പോകുമെന്നാകും നിങ്ങൾ പറയുന്നത്. എന്നാൽ ഇത് മുട്ട വച്ച് ഉണ്ടാക്കുന്ന ഓംലെറ്റ് അല്ല. മറിച്ച് ഇവിടെ ഞണ്ട് ആണ് താരം. സംഭവം അങ്ങ് ബാങ്കോക്കിൽ കിട്ടുന്ന സ്പെഷ്യൽ സാധനമാണ്.
ഇന്ത്യക്കാരനായ ദശരാജ് സെന്തമിൾ തരുൺ ആണ് ഞണ്ട് ഓംലെറ്റിന്റെ വീഡിയോ നമുക്ക് പരിചയപ്പെടുത്തുന്നത്.യൂട്യൂബറാണ് തരുൺ. വൈവിധ്യമായ രുചികൾ തേടിയുള്ള തരുണിന്റെ യാത്രയിൽ കണ്ടതാണ് ഈ സ്പെഷ്യൽ സാധനം.
സ്വർണ നിറത്തിലുള്ള ഓംലെറ്റിന്റെ വലുപ്പം കണ്ട് തരുൺ ഒന്നു ഞെട്ടുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. വളരെ മൃദുവായ ഞണ്ടിന്റെ മാംസവും നന്നായി പാകം ചെയ്തെടുത്ത ഓംലെറ്റുമാണ് ഇതിൽ ഉൾപ്പെടുന്നത്. മറക്കാനാവാത്ത അനുഭവമായിട്ടാണ് ഈ ഞണ്ട് ഓംലെറ്റ് കഴിച്ച നിമിഷത്തെ കുറിച്ച് തരുൺ പറയുന്നത്. തരുൺ പങ്കുവച്ച വീഡിയോയ്ക്കും ഒരുപാട് പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. എന്തായാലും, ഈ 3500 രൂപയുടെ ഓംലെറ്റ് ആളുകളെ അമ്പരപ്പിച്ചിട്ടുണ്ട്.