ഇനി എല്ലാവര്‍ക്കും കാണാം, ‘തിരക്കുകളില്ലാത്ത കുഞ്ഞൂഞ്ഞിനെ”, മെഴുകുപ്രതിമയില്‍ ഇനി ഉമ്മന്‍ചാണ്ടിയും

chandyകേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ മെഴുക് പ്രതിമ കന്യാകുമാരിയിലെ ബേവാച്ച് വാക്‌സ് മ്യൂസിയത്തില്‍ ഇന്ന് രാവിലെ 10ന് ഇരുപതോളം ലോകപ്രശസ്ത വ്യക്തികള്‍ക്കൊപ്പം ഇടംപിടിക്കും. മഹാത്മാ ഗാന്ധി, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ, രവീന്ദ്രനാഥ ടാഗോര്‍, മദര്‍ തെരേസ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചാര്‍ലി ചാപ്ലിന്‍, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, ഡോ. മന്‍മോഹന്‍ സിംഗ്, അമിതാബ് ബച്ചന്‍, മൈക്കിള്‍ ജാക്‌സണ്‍ തുടങ്ങിയവര്‍ക്കൊപ്പമാണു ഉമ്മന്‍ ചാണ്ടിയുടെ പ്രതിമയും ഇടം തേടുന്നത്. പാക്കില്‍, കുഴിമലയില്‍ ബേബി അലക്‌സാണ് ശില്പം രൂപ കല്‍പന ചെയ്തത്.

ദിവസവുമുള്ള അലച്ചിലിനിടയില്‍ പ്രസരിപ്പോടെയുള്ള അദ്ദേഹത്തിന്റെ മുഖം പകര്‍ത്തിയെടുക്കുകയെന്നത് ശ്രമകരമായിരുന്നുവെന്ന് അലക്‌സ് പറഞ്ഞു. പതിറ്റാണ്ടുകളായി മനസില്‍ പതിഞ്ഞ രൂപത്തില്‍ നിന്നും പകര്‍ത്തിയെടുത്ത ഭാവവും, തിരക്കിനിടയില്‍നിന്നും വീണു കിട്ടിയ 10 മിനിറ്റിനിടയില്‍ എടുത്ത ശരീരത്തിന്റെ അളവും ഉപയോഗിച്ചാണ് പ്രതിമ തയാറാക്കിയത്. മുഖത്തെ നിറവ്യത്യാസങ്ങള്‍ക്കായി പല കളര്‍ ചേര്‍ത്ത മെഴുക് ഉരുക്കിയെടുത്ത് പിടിപ്പിച്ചു. എന്നും എല്ലാവര്‍ക്കും ആവേശമാകുന്ന മുടിയിഴകള്‍ തേടി വേളാങ്കണ്ണി വരെ യാത്ര ചെയ്തു. ചെരിപ്പിനായി പല കടകളില്‍ കയറിയിറങ്ങി. കണ്ണിലെ കൃഷ്ണമണി ഫൈബര്‍ ഗ്ലാസുകളിലാണ് നിര്‍മിച്ചത്. ഒടുവില്‍ ഒരു മാസം കൊണ്ടു നറു പുഞ്ചിരിയും എന്നാല്‍ അല്‍പം ഗാംഭീര്യവുമുള്ള നാട്ടുകാരുടെ മനസില്‍ പതിഞ്ഞ മുഖം നിര്‍മിച്ചെടുത്തു.

പതിറ്റാണ്ടുകള്‍ എംഎല്‍എ ആയും പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും ശോഭിച്ച ഉമ്മന്‍ ചാണ്ടിയുടെ മുഖം ഏതു കുഞ്ഞിനും സുപരിചിതമാണെന്നുള്ളത് അലക്‌സിന് വെല്ലുവിളിയായി. തിരക്കിനിടയില്‍ പരിക്ഷീണിതനായും പിന്നീട് പ്രസരിപ്പോടെയും കാണപ്പെടുന്ന ജനനേതാവിനെ പകര്‍ത്തിയെടുക്കുക എന്നത് ശ്രമകരമായിരുന്നുവെന്ന് അലക്‌സ് പറയുന്നു. കളിമണ്ണില്‍ തീര്‍ത്ത മോള്‍ഡിലേക്ക് മെഴുക് ഉരുക്കിയൊഴിച്ചാണു പ്രതിമയുടെ നിര്‍മാണം. അച്ചില്‍ നിന്നെടുത്ത് തലമുടിയും കണ്ണും പുരികങ്ങളും വസ്ത്രങ്ങളും ധരിപ്പിച്ചുകഴിഞ്ഞാല്‍ പ്രതിമ പൂര്‍ണമാകും. എല്ലാത്തിനും സഹായിയായി ഭാര്യ പുഷ്പയുമുണ്ടാകും. ഇന്ത്യയില്‍ ആകെ നാലു പേരും കേരളത്തില്‍ അലക്‌സിനെ കൂടാതെ മറ്റൊരാളുമാണ് മെഴുക് പ്രതിമയുടെ ശില്‍പികള്‍.

Related posts