മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിലെ സഞ്ചാരം സഹയാത്രികര്‍ക്ക് അത്ഭുതമായി. കൊല്ലത്ത് പൊതുപരിപാടിക്കെത്തിയ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തേക്കാണ് കെഎസ്ആര്‍ടിസി ബസില്‍ മടങ്ങിയത്. തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ട്രെയിന്‍ കിട്ടാതെ വന്നതോടെ യാത്ര കെഎസ്ആര്ടിസിയിലാക്കുകയായിരുന്നു. കൊല്ലം കെ.എസ്ആര്ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് യാത്രക്കാര്‍ക്കും ലോഫ്ളോര്‍ ബസിലെ സഹയാത്രികര്‍ക്കും മുന്‍ മുഖ്യമന്ത്രിയുടെ യാത്ര കൗതുകമായി.
ഉമ്മന്‍ ചാണ്ടി കൊല്ലത്തെത്തിയത് മുന്‍ നഗരസഭാ ചെയര്മാന് കരുമാലില്‍ സുകുമാരന്റെ ചരമവാര്‍ഷിക അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനാണ്. വള്ളംമറിഞ്ഞ് കടലില്‍ മുങ്ങിമരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം നീണ്ടകരയിലേക്ക് കാറില്‍ പോയി. അഞ്ചുമണിയോടെ കരുമാലില്‍ സുകുമാരന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തങ്കശ്ശേരിയിലെത്തി. പിന്നീട് മണ്ണുമാന്തിക്കപ്പല്‍ തീരത്തടിഞ്ഞതിനെത്തുടര്ന്ന് ദുരിതം അനുഭവിക്കുന്ന കാക്കത്തോപ്പ് തീരപ്രദേശത്തെ വീടുകള്‍ കാണാനെത്തി. സമരക്കരുടെ പന്തലിലെത്തി പ്രസംഗിച്ചശേഷം ഏഴോടെ കൊല്ലം ബസ് സ്റ്റാന്‍ഡിലെത്തി.
ഉമ്മന്‍ ചാണ്ടി ബസില്‍ കയറിയതോടെ ഒപ്പം യാത്ര ചെയ്തിരുന്നവരും ആവേശത്തിലായി. പലരും കൂടെ നിന്നു ഫോട്ടോയെടുക്കാന്‍ മത്സരിക്കുന്നതും കാണാമായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹായി ആദ്യം രണ്ട് ടിക്കറ്റെടുത്തു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് പാസുണ്ടെന്ന് അറിഞ്ഞതോടെ കണ്ടക്ടര്‍ പൈസ മടക്കി നല്കി. സഹായിക്ക് മാത്രമുള്ള ടിക്കറ്റ് കൊടുക്കുകയും ചെയ്തു. എവിടെ വേണമെങ്കിലും നിര്‍ത്താമെന്ന് വനിതാ കണ്ടക്ടര്‍ പറഞ്ഞെങ്കിലും സ്റ്റോപ്പുള്ളിടത്ത് നിര്ത്തിയാല്മതിയെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.