ന്യൂഡൽഹി: ഹരിയാന മുൻ മുഖ്യമന്ത്രി ഒാം പ്രകാശ് ചൗത്താലയുടെ പന്ത്രണ്ടാം ക്ലാസ് വിജയം ആഘോഷമാക്കി വിദേശ മാധ്യമങ്ങളും. ഒാം പ്രകാശ് ചൗത്താലയാണ് ജയിലിനുള്ളിലിരുന്ന് പഠിച്ച് പന്ത്രണ്ടാം ക്ലാസ് പാസായത്. ബിബിസി അടക്കമുള്ള മാധ്യമങ്ങളാണ് ചാത്താല പ്ലസ്ടു വിജയത്തിന്റെ വാർത്ത പ്രാധാന്യത്തോടെ നൽകിയത്.
അഴിമതിയിൽ ഫസ്റ്റ് ക്ലാസെന്നു തെളിഞ്ഞതോടെയാണ് ഒാം പ്രകാശ് ചൗത്താലയെ സുപ്രീംകോടതി അഴിക്കുള്ളിലേക്കു പറഞ്ഞു വിട്ടത്. പക്ഷേ, പത്തു വർഷത്തെ തടവ് ജീവിതം വെറുതെ താടി തടവി ഇരിക്കാനുള്ളതായിരുന്നില്ല ഇൗ ഹരിയാന മുൻ മുഖ്യമന്ത്രിക്ക്. 82-ാം വയസിൽ ജയിലിനുള്ളിലിരുന്ന് പഠിച്ചു പന്ത്രണ്ടാം ക്ലാസ് പാസായി.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ ചൗത്താലയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡും കിട്ടി. തിഹാർ ജയിലിൽ ഒരുക്കിയ പരീക്ഷാ സെന്ററിലാണ് കഴിഞ്ഞ ഏപ്രിൽ 23ന് ചൗത്താല പന്ത്രണ്ടാം ക്ലാസിലെ അവസാന പരീക്ഷയെഴുതിയത്.
പേരക്കുട്ടി ദുഷ്യന്ത് സിംഗിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ചൗത്താല കഴിഞ്ഞ ഏപ്രിലിൽ പരോളിൽ ഇറങ്ങിയിരുന്നു. എന്നാൽ, ഓപ്പണ്‍ സ്കൂളിന്റെ പരീക്ഷാ സെന്റർ തിഹാർ ജയിലിനുള്ളിലായതിനാൽ പരീക്ഷ എഴുതുന്നതിനായി വീണ്ടും ജയിലിലേക്കു മടങ്ങി. മേയ് അഞ്ചിന് ചൗത്താലയുടെ പരോൾ കാലാവധി അവസാനിക്കുകയും ചെയ്തു.
അച്ഛൻ പരീക്ഷയെഴുതി പാസായ വിവരം ചൗത്താലയുടെ മകനും ഹരിയാനയിലെ പ്രതിപക്ഷ നേതാവുമായ അഭയ് സിംഗ് ചൗത്താലയും സ്ഥിരീകരിച്ചു. എല്ലാ വിഷയത്തിലും അച്ഛൻ എ ഗ്രേഡ് നേടിയെന്നാണ് അഭയ് സിംഗ് പറഞ്ഞത്. തടവ് ജീവിതം കൂടുതൽ അർഥവത്താക്കാൻ തീരുമാനിച്ച ഓം പ്രകാശ് ചൗത്താല തന്റെ ശ്രദ്ധ പൂർണമായും പഠനത്തിലേക്കു തിരിക്കുകയായിരുന്നു. ഇനി ബിരുദം കരസ്ഥമാക്കുകയാണ് ലക്ഷ്യം.
ഹരിയാനയിൽ യോഗ്യതയില്ലാത്ത 3,206 അധ്യാപകരെ വ്യാജരേഖ ചമച്ചു നിയമിച്ച കേസിൽ ഓം പ്രകാശ് ചൗത്താലയ്ക്കും മകൻ അജയ് ചൗത്താലയ്ക്കും 53 പേർക്കുമെതിരേ 2000ലാണ് കേസെടുക്കുന്നത്. 2013ൽ കോടതി ഇവരെ കുറ്റക്കാരെന്നു കണ്ടെത്തി ചൗത്താലയ്ക്ക് പത്തു വർഷത്തെ തടവ് ശിക്ഷയ്ക്കു വിധിച്ചു. 2015ൽ ഈ വിധി സുപ്രീം കോടതിയും ശരി വച്ചു.
നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു ഓം പ്രകാശ് ചൗത്താല. ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവായ ചൗത്താല മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകനാണ്.