കൊച്ചി: വേഗപരിധി കവിഞ്ഞു ചീറിപ്പാഞ്ഞ വാഹനങ്ങളിൽനിന്നു കഴിഞ്ഞ ഒരു വർഷത്തിനിടെ മോട്ടോർ വാഹനവകുപ്പ് ഈടാക്കിയത് ആറു കോടി രൂപ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാമറകളാണ് അതിവേഗക്കാരെ കുടുക്കിയത്. ഒരുവർഷത്തിനിടെ കാമറയിൽ കുടുങ്ങിയത് 4,54,567 വാഹനങ്ങൾ. ഇതിൽ 1,56,975 പേരിൽനിന്നായി പിഴയിനത്തിൽ ഈടാക്കിയത് 6,39,51,600 രൂപ.
കുടുങ്ങിയവരിൽ പലരും ഒരുമാസത്തിനിടെ പലതവണ പിടിക്കപ്പെട്ടു. ഒരുദിവസത്തിൽതന്നെ ഒന്നിലധികംതവണ വേഗപരിധി ലംഘിച്ചു പാഞ്ഞവരുമുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഗതാഗതനിയമം ലഘിച്ചതിന്റെ പേരിൽ 47,367 പേർക്കു ലൈസൻസ് നഷ്ടമായി. ഗതാഗത നിയമം ലംഘിക്കപ്പെട്ടതിന്റെ പേരിൽ അധികൃതർ നോട്ടീസ് നൽകിയിട്ടും പിഴ അടയ്ക്കാത്ത വിരുതന്മാരുമുണ്ട്. ഇവർക്കെതിരേ നടപടിയെടുത്തു വരുന്നു.
കഴിഞ്ഞവർഷം മാത്രം 40,181 അപകടങ്ങളിലായി 4,303 പേർക്കു ജീവൻ നഷ്ടപ്പെട്ടു. 45,458 പേർക്കു പരിക്കേറ്റു. ഇതിൽ ഭൂരിഭാഗം അപകടങ്ങൾക്കും കാരണം അമിതവേഗമായിരുന്നു. വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ നടപടികൾ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ സാങ്കേതിക വിദ്യകളടങ്ങിയ കാമറകളും നിരത്തുകളിൽ സ്ഥാപിക്കും.
വാഹനം സഞ്ചരിച്ച ദൂരവും വേഗവും അടുത്ത കാമറയ്ക്കു സമീപമെത്തുന്നതിനെടുത്ത സമയവും ഇത്തരം കാമറകൾ അളന്നെടുക്കും. നിലവിൽ കാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ നിയന്ത്രിത വേഗതയിൽ ഓടിക്കുന്ന സ്ഥിതിയുണ്ട്. കാമറ പരിധിക്കുശേഷം അമിതവേഗത്തിൽ പായുന്ന ഇത്തരം വാഹനങ്ങൾ അടുത്ത കാമറ പരിധിയിലെത്തുന്പോൾ വീണ്ടും വേഗം കുറയ്ക്കും.
ഇത്തരക്കാരെ പൂട്ടുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങുന്നത്. ആദ്യഘട്ടത്തിൽ പാലക്കാട്-തൃശൂർ റൂട്ടിൽ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി പിന്നീടു സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
-ജെറി എം. തോമസ്