തൃശൂര്: വേതനവര്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര് വീണ്ടും സമരത്തിലേക്ക്. ദിവസ വേതനം 1500 രൂപയാക്കി വര്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
വേതനവര്ധന ആവശ്യപ്പെട്ട് രണ്ട് തവണയായി നടന്ന ചര്ച്ചകള് ഫലം കാണാതെ വന്നതോടെയാണ് സമരത്തിലേക്ക് കടക്കുന്നത്.
വ്യാഴാഴ്ച തൃശൂര് ജില്ലയിലെ നഴ്സുമാര് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങള് അംഗീകരിച്ചില്ലെങ്കില് സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് നഴ്സുമാരുടെ സംഘനയായ യുഎന്എയുടെ തീരുമാനം.
സ്വകാര്യ ആശുപത്രികളില് തൊഴില് നിയമങ്ങള് പാലിക്കപ്പെടുന്നുവെന്ന് സർക്കാർ ഉറപ്പാക്കുക, സ്വകാര്യ ആശുപത്രികളില് തൊഴില് വകുപ്പ് പരിശോധനകള് കര്ശനമാക്കുക, നിയമലംഘനം നടത്തുന്ന മാനേജ്മെന്റുകള്ക്ക് നേരെ കര്ശന നടപടിയെടുക്കുക, കരാര് നിയമനങ്ങള് അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎന്എ ഉന്നയിക്കുന്ന മറ്റാവശ്യങ്ങള്.
വ്യാഴാഴ്ച തൃശൂര് കളക്ട്രേറ്റിലേക്ക് നഴ്സുമാരുടെ പ്രതിഷേധമാര്ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട വേതന വര്ധനയുടെ 50 ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തില് നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഎന്എ അറിയിച്ചു.