കാട്ടാക്കട: കണ്ടല ഹൈസ്കൂൾ ഹൈടെക് പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ ഒരു വശത്തെ ചുമർ പ്രവേശനോത്സവത്തലേന്ന് ഇടിഞ്ഞു വീണ സംഭവത്തിൽ ഉന്നതതല അന്വേഷണം വരും.
ഇതിനായി പ്രത്യേക സംഘത്തെ ഉടൻ നിയോഗിക്കും. പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അടക്കമുള്ള സംഘമായിരിക്കും അന്വേഷിക്കുക.
അതിനിടെ സംഭവത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് രാഷ്ട്രീയ കക്ഷികൾ. കോൺഗ്രസും ബിജെപിയും സമരത്തിനൊരുങ്ങുകയാണ്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളും നിർമ്മാണ ചട്ടങ്ങളും മതിയായ മേൽനോട്ടവും ഇല്ലാതെ നടത്തിയ നിർമാണമാണിതെന്ന് ഇവർ വിലയിരുത്തുന്നു.
കണ്ടല സർക്കാർ ഹൈസ്കൂളിന്റെ മൂന്ന് കോടി ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തിയ പിടിഎ ഭാരവാഹികളും അധ്യാപകരുമാണ് ചുമർ ഇടിഞ്ഞു വീണത് കാണാനിടയായത്്.
മൂന്ന് വർഷം മുമ്പാണ് നിർമാണ ജോലികൾ ആരംഭിച്ചത്. സ്കൂളിൽ നിലവിലുണ്ടായിരുന്ന ഓടിട്ട കെട്ടിടം പൊളിച്ചു മാറ്റിയശേഷം ബഹുനില നിർമാണത്തിന്റെ ജോലികളാണ് നടന്നു വരുന്നത്.
വയറിംഗ് ജോലി ഉൾപ്പടെ തീർത്ത ഭാഗമാണ് ഇടിഞ്ഞു വീണത്. ഇതേ മുറിയിൽ വശത്ത് കൂടെ വെള്ളം ചോർന്നു ഒലിക്കുന്നുണ്ട്. കെട്ടിടത്തിൽ മറ്റു ചിലയിടങ്ങളിൽ ഇപ്പോൾ തന്നെ ചോർച്ചയുണ്ട്.
വൈദ്യുതീകരണം നടത്തിയതിനും പിഴവുകളും ഉണ്ടെന്നും നേരത്തെ തന്നെ ആരോപണ ഉയർന്നിരുന്നു. കെട്ടിടത്തിന് പുറകുവശത്ത് മഴവെള്ളം ഉൾപ്പടെ ഒഴുകി പോകാനുള്ള സൗകര്യമില്ലാത്തതും വെള്ളം താണ് കെട്ടിടത്തിന്റെ ഭിത്തി തകരാൻ കാരണമാകും എന്നും പൊതു പ്രവർത്തകർ ചൂണ്ടി കാട്ടിയിരുന്നു. ഇതിനിടെയാണ് കെട്ടിടത്തിന്റെ ഒരുഭാഗം ഭിത്തി പൊളിഞ്ഞു വീണത്.
സ്കൂളിലെ ചുമർ ഇടിഞ്ഞു വീണതിനെതുടർന്ന് ഇന്നലെ ഉച്ചയോടുകൂടി തന്നെ പൊതുമരാമത്ത് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് അധികൃതകർ സ്ഥലം പരിശോധന നടത്തി.
നിലവിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലന്നും പുറത്തേക്ക് ഭംഗി കൂട്ടുന്നതിനുവേണ്ടി തള്ളി നിർമ്മിച്ച കനം കുറഞ്ഞ ചുമരാണ് ഇടിഞ്ഞു വീണതെന്നും അവർ പറയുന്നു.