തളിപ്പറമ്പ്: ഓണാഘോഷത്തിന്റെ മറവില്‍ കോളജുകളിൽ ആഭാസങ്ങളും വാഹനാഭ്യാസങ്ങളും നടക്കാനിടയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വിവിധ കോളജുകളിൽ വിദ്യാർഥികളെത്തിയ കാറുകളും രൂപമാറ്റം വരുത്തിയ ജീപ്പുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
മിനി കൂപ്പര്‍, ബെന്‍സ്, മോറിസ് മൈനര്‍, കാറുകളും രൂപമാറ്റം വരുത്തിയതടക്കമുള്ള രണ്ടു ജീപ്പുകളുമാണ് തളിപ്പറമ്പ് സിഐ എ.വി. ദിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ആഘോഷങ്ങളുടെ മറവില്‍ വാഹനാഭ്യാസം അരങ്ങേറാൻ സാധ്യതയുണ്ടെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ചില സ്ഥാപന മേധാവികൾ തന്നെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലും നഗരത്തിലും പോലീസ് നിരീക്ഷണമേർപ്പെടുത്തിയിരുന്നു.
ഇന്നലെ രാവിലെയാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് പരിശോധിക്കും.
വിദ്യാര്‍ഥികളുടെ ആഭാസത്തരങ്ങള്‍ നിയന്ത്രിക്കുന്നതിന് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വേണ്ട മുന്‍കരുതല്‍ ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തിയതായും സ്ഥാപന മേധാവികളുമായി ആലോചിച്ച് ഇത് തടയുന്നതിനുള്ള നടപടി തുടരുമെന്നും തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേഷ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.