സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണത്തിനു മധുരമായി സംസ്ഥാന സർക്കാരിന്റെ കിറ്റിൽ ക്രീം ബിസ്്കറ്റ്. നേരത്തെ നൽകിയിരുന്ന മിഠായിപ്പൊതിക്കു പകരമായാണ് ഇത്തവണ ക്രീം ബിസ്കറ്റ് ഉൾപ്പെടുത്തുന്നത്.
കിറ്റ് വിതരണം ഒരു മാസത്തിലേറെ നീളുമെന്നതിനാൽ ചോക്ലേറ്റ് അലിഞ്ഞുപോകാനിടയുള്ളതിനാലാണ് മിഠായിപ്പൊതി മാറ്റി ബിസ്കറ്റ് സ്ഥാനം പിടിച്ചത്.
ഓണത്തിനു മധുരത്തിനായി മിൽമയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള അരിയുടെയോ സേമിയയുടെയോ പായ്ക്കറ്റോ ഉൾപ്പെടുത്തും. പായസത്തിനാവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും കിറ്റ് ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ കിറ്റിലെ ഇനങ്ങളുടെ എണ്ണം 13ൽ നിന്നു 17 വരെയാകുമെന്നു സപ്ലൈക്കോ പറയുന്നു. മുളകുപൊടിക്കു പകരം മുളകു തന്നെ നൽകുമെന്നാണ് സൂചന.
ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങൾ സംബന്ധിച്ച് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സപ്ലൈക്കോ എംഡി അലി അസ്ഗർ പാഷയുമായും ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
നിലവിൽ 444.50 രൂപയുടെ സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്താനാണ് സപ്ലൈക്കോ ശിപാർശ നൽകിയിരിക്കുന്നത്. എന്നാൽ, വില സംബന്ധിച്ച് ധാരണയാകുന്നതിനു മുറയ്ക്ക് അന്തിമ തീരുമാനമുണ്ടാകുമെന്നു ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു