തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം മന്ദഗതിയിലാകുന്നുവെന്ന പരാതി ഉയരുന്നതിനിടെ പാവപ്പെട്ടജനങ്ങൾക്ക് കിറ്റ് ലഭിക്കുന്നത് വൈകുന്നത് പരിഹരിക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകി.
ഓരോ ജില്ലയിലും വിതരണം ചെയ്ത് കിറ്റുകളുടെ പുരോഗതി വിശദമായി അറിയിക്കാനും മന്ത്രി നിർദേശം നൽകി. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശിച്ചു.
സ്റ്റോക്കില്ലാത്ത പായസംമിക്സ്, നെയ് ഇനങ്ങൾ ഉടൻ എത്തിക്കാൻ മിൽമയോട് ആവശ്യപ്പെടും.ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഇന്നലെ 14,000 പേർ മാത്രമാണ് കിറ്റ് വാങ്ങിയത്, 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്കാണ് ആകെ കിറ്റ് നൽകേണ്ടത്.
കിറ്റ് വിതരണം താറുമാറായെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കിറ്റുകൾ അടിയന്തിരമായി അർഹരായവർക്ക് എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകിയത്.
അതേസമയം ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു. . കിറ്റിലെ മിൽമയുടെ പായസകൂട്ട് സമയത്തിന് എത്താതിരുന്നതിനാൽ കഴിഞ്ഞ ദിവസം പല ജില്ലകളിലും കിറ്റ് വിതരണം അവതാളത്തിലായിരുന്നു.
തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഭാഗികമായെങ്കിലും ഇന്നലെ കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞത്.മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകുമെന്നും സപ്ലൈക്കോ അറിയിച്ചിരുന്നു.