തൃക്കരിപ്പൂർ: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യ കിറ്റുകൾ തയാറാക്കുന്നവർക്ക് ആറുമാസമായി കൂലി ലഭിച്ചില്ലെന്ന് പരാതി.
കോവിഡ് മൂലം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വ്യാപാരം കുറഞ്ഞ വേളയായത് കൊണ്ട് തന്നെ പാക്കിംഗ് തൊഴിലാളികൾക്ക് ചെറിയ നിരക്കാണ് ലഭിച്ചു വരുന്നത്.
ഭക്ഷ്യ കിറ്റുകൾ തയാറാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ് നിരവധി തൊഴിലാളികളുടെ കുടുംബങ്ങളുടെ പ്രധാന ജീവിത മാർഗം. കിറ്റിൽ ഒരു സാധനം പാക്ക് ചെയ്യുന്നതിന് ഒന്നര രൂപ പോലും ലഭിക്കുന്നില്ല.
ഒരു കിറ്റിൽ ഇവർക്ക് മുന്നോ നാലോ സാധനങ്ങളാണ് ചേർക്കാനുണ്ടാവുക. പൊതുവിതരണ കേന്ദ്രങ്ങളിലൂടെ നൽകുന്ന ഭക്ഷ്യ കിറ്റുകൾക്ക് പുറമെ സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്ന കിറ്റുകളും തയാറാക്കി നൽ കിയതിന്റെ കൂലിയാണ് ആറുമാസമായി മുടങ്ങിയത്.
ഒരു കിറ്റിന് ഇവർക്ക് ലഭിക്കുക ഒന്പതുരൂപയാണ് ലഭിക്കുക. തൃക്കരിപ്പൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ എട്ട് തൊഴിലാളികൾക്ക് കഴിഞ്ഞ ആറ് മാസമായി കൂലി നൽകിയിട്ടില്ല.
ഒരു മാസം 5800ൽപ്പരം ഭക്ഷ്യ കിറ്റുകളാണ് ഈ എട്ടു തൊഴിലാളികൾ ചേർന്ന് തയാറാക്കി നൽകി വരുന്നത്. 2021 ജനുവരിക്ക് ശേഷം തൊഴിലാളികൾക്ക് വേതനം നൽകിയിട്ടില്ല.
തൃക്കരിപ്പൂർ മേഖലയിലെ എട്ട് റേഷൻ കടകളിലേക്കുള്ള ഭക്ഷ്യ കിറ്റുകളും സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യഭദ്രതാ അലവൻസ് പ്രകാരമുള്ള കിറ്റുകളും തയാറാക്കി നൽകി വരുന്ന തൊഴിലാളികൾക്ക് കൂലി കുടിശിക ഓണത്തിന് മുമ്പായി കൊടുക്കണമെന്നും അതല്ലെങ്കിൽ തൊഴിലാളികൾ സമരമാർഗം സ്വീകരിക്കേണ്ടി വരുമെന്ന് വിവിധ യൂണിയൻ ഭാരവാഹികൾ അറിയിച്ചു.