സ്വന്തം ലേഖകൻ
തൃശൂർ: ഇത്തവണയും ഓണത്തിന് വിതരണം ചെയ്യുന്ന പ്രത്യേക സൗജന്യ സ്പെഷ്യൽ ഓണം ഭക്ഷ്യക്കിറ്റിൽ പപ്പടത്തെ ഉൾപ്പെടുത്തിയില്ല.
കോവിഡ് കാലത്ത് 2020ൽ ഓണത്തിന് റേഷൻ കാർഡുടമകൾക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനയിൽ തെളിഞ്ഞത് ഏറെ വിവാദമായിരുന്നു.
തുടർന്ന് കഴിഞ്ഞ വർഷത്തെ സൗജന്യ ഓണക്കിറ്റിൽ നിന്ന് പപ്പടത്തെ ഒഴിവാക്കിയിരുന്നു. ഇത്തവണയും പപ്പടം ഉൾപ്പെടുത്താതെയാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഓണക്കിറ്റിന്റെ ലിസ്റ്റിൽ പപ്പടമില്ല.
ഇത്തവണ ഓണക്കിറ്റിൽ നിന്ന് സോപ്പും ആട്ടയും കൂടി പുറത്തായിട്ടുണ്ട്.2020ൽ വിതരണം ചെയ്ത കിറ്റിലെ പപ്പടം ഗുണനിലവാരം കുറഞ്ഞതായതിനാൽ ആരോഗ്യപ്രശ്നങ്ങൾക്കു വരെ കാരണമായേക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
പരിശോധനഫലം പുറത്തുവന്നതിനെ തുടർന്ന് വിതരണം ചെയ്ത പപ്പടം തിരികെ ശേഖരിക്കാൻ നിർദ്ദേശം നൽകേണ്ട സ്ഥിതിയുമുണ്ടായി.
അന്ന് റാന്നിയിലെ സിഎഫ്ആർഡിയിൽ പരിശോധിച്ച സാംപിളുകളിൽ ഈർപ്പത്തിന്റെയും സോഡിയം കാർബണേറ്റിന്റെയും അളവും പിഎച്ച് മൂല്യവും നിർദിഷ്ട പരിധിക്കു മുകളിലാണെന്നു കണ്ടെത്തി.
ഈർപ്പത്തിന്റെ അളവ് 12.5 ശതമാനത്തിൽ കൂടാൻ പാടില്ലെന്നുള്ളപ്പോൾ 2020ൽ വിതരണം ചെയ്ത ഓണക്കിറ്റിൽ ഉൾപ്പെട്ട പപ്പടത്തിൽ ഈർപ്പം 16.06 ശതമാനമായിരുന്നു.
2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാർബണേറ്റിന്റെ അളവ് 2.44 ശതമാനവുമായിരുന്നു.പിഎച്ച് മൂല്യം 8.5 കടക്കരുതെങ്കിലും ഇത് 9.20 ആയിരുന്നു അന്നത്തെ പപ്പടങ്ങളിൽ.