കോട്ടയം: ഓണാഘോഷങ്ങള്‍ക്കു മുമ്പായി സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് വന്‍തോതില്‍ വര്‍ധിക്കുന്നു. കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍, ബ്രൗണ്‍ഷുഗര്‍, എല്‍എസ്ഡി സ്റ്റാമ്പ് തുടങ്ങിയവയുടെ കടത്തലും ഉപയോഗവും മുമ്പെങ്ങുമില്ലാത്ത വിധം നാട്ടില്‍ വ്യാപകമാകുകയാണെന്ന ആരോപണമുണ്ട്.
പോലീസും എക്സൈസും പരിശോധന ശക്തമാക്കുന്നതായി അവകാശപ്പെടുമ്പോഴും പുതുവഴികളിലൂടെ യുവാക്കളിലേക്കു ലഹരി നിര്‍ബാധം ഒഴുകിയെത്തുകയാണ്. ഓരോദിവസവും ലഹരിക്കടത്തില്‍ പിടികൂടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഓണക്കാലം മുന്നില്‍ കണ്ട് ചില സംഘങ്ങള്‍ വന്‍തോതില്‍ ലഹരി സംഭരിക്കുന്നതായാണ് സൂചന.
അന്തര്‍സംസ്ഥാന ബസുകള്‍, ലോഡ്ജ് മുറികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ലഹരിക്കടത്ത് വ്യാപകമാകുന്നത്. ജോലിക്കും പഠനത്തിനുമായി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെത്തി അവധിക്കാലത്ത് നാട്ടിലേക്കു മടങ്ങുന്നുവെന്ന വ്യാജേനയാണ് കാരിയര്‍മാര്‍ ബസില്‍ കയറുന്നത്. പരിശോധന പേടിച്ച് ഇടയ്ക്കുള്ള സ്റ്റോപ്പുകളിലാണ് ഇവര്‍ ഇറങ്ങുന്നത്. പിന്നീടു മറ്റ് ബസുകള്‍ കയറിയാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയും പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങള്‍ വഴിയുമാണ് കഞ്ചാവ് എത്തുന്നത്. എല്‍എസ്ഡി സ്റ്റാമ്പ്, എംഡിഎംഎ തുടങ്ങിയവ ബംഗളൂരുവില്‍നിന്നാണ് എത്തുന്നതെന്ന് പോലീസും എക്സൈസ് പറയുന്നു. കഞ്ചാവ് കൂടുതലായും എത്തുന്നത് തെലങ്കാന, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുമാണ്.
ലഹരി കടത്തുകാരായി യുവാക്കള്‍
അടുത്തനാളില്‍ കഞ്ചാവും മറ്റു ലഹരിമരുന്നും കടത്തുന്നതില്‍ പിടിയിലാകുന്നതില്‍ ഏറെയും 18നും 35നും ഇടയില്‍ പ്രായമുള്ളവരാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലഹരിക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ തന്ത്രം. എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക ലഹരിമരുന്നുകള്‍ കുറഞ്ഞ അളവില്‍പ്പോലും വലിയ വില ലഭിക്കുന്നവയാണ്.
ഇതിനു പുറമെ കടത്താനും എളുപ്പമാണ്. കഴിഞ്ഞദിവസം ചങ്ങനാശേരിയില്‍ പിടിയിലായ രണ്ടംഗസംഘം ബണ്ണിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ആദ്യം ഇവരില്‍നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വിശദമായി നടത്തിയ പരിശോധനയിലാണ് ഒരു ബണ്ണില്‍ ഹോള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു ബണ്ണ് മുറിച്ചു പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
ആഘോഷവേളകളില്‍ ടൂറിസം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്കായും ലഹരിമരുന്നുകള്‍ എത്തിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി കൊച്ചിയില്‍ ഉള്‍പ്പെടെ ലഹരി കടത്തിന് ഇടനിലക്കാരായി സ്ത്രീകളും പിടിയിലായിട്ടുണ്ട്. ന്യൂജെന്‍ ലഹരികള്‍ക്ക് പ്രത്യേകിച്ചു മണമോ മറ്റോ ഇല്ലാത്തതിനാല്‍ ഉപയോഗിച്ചതു പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല.
പുതുതലമുറ എംഡിഎംഎയ്ക്കു പിന്നാലെ
പുതുതലമുറയില്‍പ്പെട്ട ലഹരി വില്പനക്കാര്ക്കും ഉപയോഗിക്കുന്നവര്‍ക്കും പ്രിയം എംഡിഎംഎയോടാണ്. പാര്‍ട്ടി ഡ്രഗ്സ് എന്ന പേരില്‍ അറിയപ്പെടുന്ന സിന്തറ്റിക് രാസവസ്തുവാണ് എംഡിഎംഎ. ഇതു കൃത്രിമമായി നിര്മിച്ചെടുക്കുന്നവയാണെന്ന പ്രത്യേകതയുമുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ഇതിനെ എക്സ്റ്റസി എന്നാണ് വിശേഷിപ്പിക്കുന്നത്.
വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ പോലും കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന ലഹരി ലഭിക്കുമെന്നതിനാല്‍ നിശാപാര്‍ട്ടികളിലെ സജീവ സാന്നിധ്യമാണിത്. മറ്റു മയക്കുമരുന്നുകളില്നിന്നു വിഭിന്നമായി പെട്ടെന്നുണ്ടാകുന്ന ഉന്മാദാവസ്ഥയാണ് എംഡിഎംഎ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഒരു തവണ ഉപയോഗിച്ചാല്‍ തന്നെ അടിമയാകും. ഉപയോഗിക്കുന്നയാളുടെ വിശപ്പ് കെട്ടുപോകും. ഹൃദയമിടിപ്പു കൂടുകയും രക്തസമ്മര്‍ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുകയും ചെയ്യും. ഒരു ഗ്രാം എംഡിഎംഎ 1000 രൂപയ്ക്കു മുകളിലാണു ചില്ലറ വില്പന നടത്തുന്നത്.
പിടിയിലാകുന്നതു ചെറുമീനുകള്‍
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി പോലീസ്, എക്സൈസ് പിടിയിലാകുന്നതു ചെറുകിടക്കാര്‍ മാത്രമാണ്. പലപ്പോഴും ചെറിയ അളവ് കഞ്ചാവുമായി പിടിയിലാകുമെങ്കിലും ചുരുങ്ങിയ ജയില്‍ വാസത്തിനുശേഷം ജാമ്യത്തിലിറങ്ങും. വിവിധ സ്ഥലങ്ങളിലെ ബൈപാസ് റോഡുകളും ആളൊഴിഞ്ഞ ഇടങ്ങളുമാണ് മയക്കുമരുന്നു മാഫിയയുടെ വിഹാരകേന്ദ്രങ്ങള്‍.
പോലീസിന്റെ നിരീക്ഷണമില്ലാത്ത മേഖലകളിലാണ് ഇടപാടുകള്‍ ഏറെയും നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ വന്‍തോതില്‍ മയക്കുമരുന്നിന്റെ ഉപയോക്താക്കളാണ്. ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശം വച്ചതിനു പിടിക്കപ്പെട്ടാല്‍ സ്റ്റേഷന് ജാമ്യം ലഭിക്കും. ഇതു മുതലാക്കി ചെറിയ അളവുകളിലാകും വില്പനക്കാര് കഞ്ചാവ് സൂക്ഷിക്കുക. ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുകയാണ് പതിവ്.