ആട്ടക്കളം കുത്തൽ
പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നാണിത്. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണിത്. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരയ്ക്കുന്നു. കുട്ടികളെല്ലാം അതിനുള്ളിൽ നിൽക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും.
പുറത്തു നിൽക്കുന്നവർ അകത്ത് നിൽക്കുന്നവരെ പിടിച്ചു വലിച്ച് പുറത്ത് കൊണ്ടുവരികയാണ് കളി. എന്നാൽ വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാൾക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്തു കടത്താൻ കൂടണം. എല്ലാവരേയും പുറത്താക്കിയാൽ കളി കഴിഞ്ഞു.
കൈകൊട്ടിക്കളി
സ്ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽക്കാലത്ത് മുറ്റത്ത് പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന് ചുവടുവച്ച് കൈകൊട്ടിക്കളിക്കുകയുമാണ് പതിവ്. വൃത്തത്തിൽ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നു കരുതുന്നവരുണ്ട്. എന്നാൽ വൃത്താകൃതി ശ്രീബുദ്ധന്റെ ധർമ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു.ചിലയിടങ്ങളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു.
പുലിക്കളി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്. നാലാം ഒാണം വൈകിട്ടാണ് പുലിക്കളി. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. ശരീരമാകെ മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളിൽ കൃത്രിമമായി നിർമ്മിച്ച വനത്തിൽ നിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികൾ നടുവിലാർ ഗണപതിക്ക് മുന്പിൽ നാളീകേരമുടച്ചാണ് കളി തുടങ്ങുന്നത്.
മെയ്വഴക്കവും കായികശേഷിയും പുലിക്കളിക്കാർക്കുണ്ടായിരിക്കേണ്ട നിർബന്ധ സവിശേഷതകളാണ്. വന്യതാളവും താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും (സായ്പ്) ഇതിലെ പ്രധാന വേഷങ്ങളാണ്. ഉടുക്കും തകിലും അകന്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു.
ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി)
തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ പട്ടണത്തിൽ നെല്ലങ്കര, കിഴക്കുന്പാട്ടുകര ദേശക്കാർ ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു.നെല്ലങ്കരയിൽ തിരുവോണത്തിനാണ് കുമ്മാട്ടി ആഘോഷം. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
ഓണത്തല്ല്
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച ’മധുരൈ കാഞ്ചി’യിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.ബൗദ്ധരെ ആയുധമെടുത്തു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇത്. കാലം മാറിയപ്പോൾ വിജയത്തിന്റെ ഓർമ ഒരു കലയാക്കി മാറ്റി. പിൽക്കാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി.
മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല് ആചരിച്ചുപോന്നിരുന്നു. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ് തല്ലു നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് ചേരികുന്പിടുക എന്ന് പറയുന്നു.
ഏതെങ്കിലും ഒരു ചേരിയിൽ നിന്ന് പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി ’ഹയ്യത്തടാ’ എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന് ഇരുകൈകളും കോർക്കും.
പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുകളിലേക്കുയർത്തി താഴേക്ക് ശക്തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന് നിയമമുണ്ട്.
തയാറാക്കിയത്:
പ്രദീപ് ഗോപി