ചങ്ങരംകുളം: ഐഎൻടിയുസി ചുമട്ടു തൊഴിലാളി യൂണിയൻ അംഗമായ കെ.ബി ശിവദാസൻ സംഘടിപ്പിച്ച എന്റെ സ്നേഹമുള്ള അമ്മക്കൊരു ഓണക്കോടി വിതരണം ചങ്ങരംകുളം ഷൈൻ ഓഡിറ്റോറ്റിയത്തിൽ വച്ച് നടത്തി. ചടങ്ങിൽ 73 പേർക്കാണ് ഓണക്കോടി നൽകിയത്. 34 പേർക്ക് ചാലിശേരിയിൽ വച്ച് ഇന്നു ഓണക്കോടി നൽകും.
നിർധനരായ പ്രദേശവാസികൾക്കു എന്റെ അമ്മക്കൊരു ഓണക്കോടി എന്ന പേരിൽ ശിവദാസൻ വർഷംതോറും വസ്ത്രവിതരണം നടത്താറുണ്ട്. പരിപാടിയുടെ ഭാഗമായി 107 നിർധനരായ അമ്മമാർക്കാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. ചടങ്ങ് പ്രശസ്ത കവി ആലംങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഭക്ഷണകിറ്റ് വിതരണം ചങ്ങരംകുളം എസ്ഐ ടി.ഡി. മനോജ് കുമാർ നിർവഹിച്ചു. ഓണക്കോടിയും ഒരു ദിവസത്തെ കിറ്റുമാണ് വിതരണം ചെയ്തത്. ഏഴു വർഷമായി തന്റെ അമ്മയുടെ ഓർമക്കായി ശിവദാസൻ ഓണക്കോടി പദ്ധതി ആരംഭിച്ചിട്ട്. ആലങ്കോട് ഹെൽത്ത് ഇൻസ്പക്ടർ പ്രകാശ് ക്ലാസെടുത്തു.
നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. സിദിഖ് പന്താവൂർ, വി.വി കുഞ്ഞുമുഹമ്മദ്, പി.പി യൂസഫലി, വി.ആർ. ശ്രീനി, കെ.കെ സതീശൻ, പി.പി അഷറഫ്, പ്രസന്നൻ കല്ലൂർമ, കെ.വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുള്ളക്കുട്ടി സ്വാഗതവും കെ.ബി ശിവദാസൻ നന്ദിയും പറഞ്ഞു.