മഹാബലി
ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടേത് തന്നെ. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടിയായിരുന്നു മഹാബലി. വലിയ ത്യാഗം ചെയ്തവൻ എന്നാണ് മഹാബലി എന്ന വാക്കിനർഥം. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു.
മഹാബലിയുടെ ഐശ്വര്യഭരണത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി. മഹാബലി ’വിശ്വജിത്ത്’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വകവയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗവും ഭൂമിയും പാതാളവും അളന്നെടുത്തു.
മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ് കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലത്തിലേക്ക് ഉയർത്തിയെന്നാണ് വിശ്വാസം. ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
പരശുരാമൻ
പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനിൽനിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്. ഇതും കെട്ടുകഥയാണെന്നു തന്നെയാണ് നിഗമനങ്ങൾ. പരശുരാമനെക്കുറിച്ചുള്ള കഥകൾ വിവരിക്കുന്ന കൃതികൾ പത്താം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ടവയാണ്. എന്നാൽ അതിന് എത്രയോ മുന്പുതന്നെ കേരളം ദേശമായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
ശ്രീബുദ്ധൻ
മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്. സിദ്ധാർഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിക്കുന്നതാണ് ഓണമെന്ന് അവർ സമർഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്.
തയാറാക്കിയത്:
പ്രദീപ് ഗോപി