മാനുഷരെല്ലാരും ഒന്നുപോലെയുള്ള ആ മാവേലിനാട് ഇവിടെയുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരളം! മലയാളി ഇത്തവണ ഓണമാഘോഷിക്കുന്നത് അതിജീവനത്തിന്റെ മധുരം നുണഞ്ഞ്

ഇത്തവണയും മലയാളികളെത്തേടി ഓണമെത്തിയിരിക്കുന്നു. കള്ളവും ചതിയും വഞ്ചനയുമില്ലാതെ മാനുഷരെല്ലാരും ഒത്തൊരുമയോടെ ജീവിച്ചിരുന്ന കാലത്തിന്റെ പ്രതിനിധിയായി മാവേലി കേരളത്തിലെ തന്റെ പ്രജകളുടെ പിന്‍ഗാമികളെ കാണാനെത്തുന്ന സമയം.

ഇത്തവണയും നാളുകള്‍ക്ക് മുന്നേ തന്നെ മലയാളി ഓണമാഘോഷിക്കാന്‍ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ഓണക്കോടിയും ഓണപ്പായസവും ഓണാഘോഷങ്ങളുമൊക്കെയായി ഈ ഓണവും പൊടിപൊടിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ആ വലിയ ദുരന്തം മലയാളികളെ ഞെട്ടിച്ചുകൊണ്ട് കടന്നുവന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ദുരന്തമായിരുന്നു അത്. പെയ്തിറങ്ങിയ കനത്ത മഴയും നിറഞ്ഞു തൂവിയ അണക്കെട്ടുകളും പിന്നീടുണ്ടായ പ്രളയവും കേരളത്തെ കീഴ്‌മേല്‍ മറിച്ചു.

എന്തുചെയ്യണമെന്നറിയാതെ ആദ്യം പകച്ചുനിന്ന ജനം പിന്നീട് ജീവനുവേണ്ടി അലറി വിളിച്ചു. അവസാനം രക്ഷയ്ക്കായി നീണ്ടുവന്ന ഓരോ കൈയ്യിലും പിടിച്ചു കയറി. ചോര നീരാക്കി ഉണ്ടാക്കിയെടുത്ത വീടും വസ്തുവകകളും എന്തിനേറെ, ഉടുതുണി മാത്രം സ്വന്തമാക്കി കരതേടി ഓടി.

ഓണക്കാലമായാല്‍ ഓണക്കോടിയുടുത്ത്, പൂക്കളമിട്ട്, ഓണമുണ്ട്, ഓണക്കളികളില്‍ ഏര്‍പ്പെടുന്ന പഴയ മലയാളി ഇത്തവണ ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ, കുടിവെള്ളം പോലുമില്ലാതെ നെഞ്ചു തകര്‍ന്ന്, കണ്ണു കലങ്ങി മുന്നോട്ടുള്ള ജീവിതത്തെ പകച്ചു നോക്കുകയാണ്. എന്നാല്‍ മറ്റൊരിടത്തും കാണാനാവാത്ത ഒരു പ്രത്യേകതയുണ്ട്.

കേരളത്തിന്റെ അവസ്ഥ കീഴ്‌മേല്‍ മറിഞ്ഞെങ്കിലും ഇത്തവണ പ്രജകളെ കാണാനെത്തുന്ന മാവേലിയ്ക്ക് നിരാശനായി മടങ്ങേണ്ടി വരില്ല എന്നതാണത്. ഒരുപക്ഷേ കഴിഞ്ഞ ഏതൊരു വര്‍ഷത്തേക്കാളും ഉപരിയായി ഇത്തവണയായിരിക്കും മാവേലി ഏറ്റവും സന്തോഷവാനായി മടങ്ങുക.

കാരണം എന്തെന്ന് മലയാളിയോട് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മതിയാവും. കരഞ്ഞു വിളിക്കുന്നവര്‍ക്കു നേരെ കൈനീട്ടുന്നവര്‍, വിശന്നു തളര്‍ന്നവരെ വയര്‍ നിറയെ ഊട്ടുന്നവര്‍, മറ്റുള്ളവരെ ഉടുപ്പിക്കുന്നവര്‍, എല്ലാം നഷ്ടപ്പെട്ട് നെഞ്ചു തകര്‍ന്നിരിക്കുന്നവരെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുന്നവര്‍, ജാതിയും മതവും എല്ലാം മറന്ന് സഹജീവികള്‍ക്ക് കൂടൊരുക്കിയവര്‍, ദുഖവും കെടുതികളും മറന്ന് ആനന്ദ നൃത്തമാടുന്നവര്‍, താരജാഡകളോ അധികാരത്തിന്റെ ഗര്‍വോ ഇല്ലാതെ ഒപ്പമുള്ളവര്‍ക്ക് താങ്ങും തണലുമാകാന്‍ ഓടിനടക്കുന്നവര്‍, പിറന്ന നാടിനുവേണ്ടി കടലുകള്‍ക്കപ്പുറത്തുനിന്ന് സഹായം ഒഴുക്കി വിടുന്നവര്‍ എന്നിവരെയെല്ലാമാണ് ഇത്തവണ കേരളത്തിലെത്തുന്ന മാവേലി കാണുക.

സ്വന്തം കാര്യം നോക്കി മാധ്യമങ്ങളുടെ മുന്നില്‍ ഒതുങ്ങിക്കൂടുന്നവര്‍ എന്ന് ചിലരെങ്കിലും വിശേഷിപ്പിച്ചിരുന്ന മലയാളി യഥാര്‍ത്ഥത്തില്‍ ആരാണ്, എങ്ങനെയാണ് എന്ന് ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്തിരിക്കുകയാണിപ്പോള്‍. ഇത്തവണ കേരളത്തിന് ഓണമില്ലെന്നല്ല പറയേണ്ടത്, ഇത്തവണ പതിവിലും ഗംഭീരമായി മലയാളി ഓണമാഘോഷിച്ചു എന്നാണ് പറയേണ്ടത്. സാഹോദര്യവും സൗഹാര്‍ദവും ഇല്ലായ്മയിലുള്ള സമൃദ്ധിയും തുടങ്ങി എവിടെത്തിരിഞ്ഞാലും നന്മ നിറഞ്ഞ കാഴ്ചകളും വാര്‍ത്തകളുമുള്ള, മാവേലി കാണാനാഗ്രഹിച്ചെത്തുന്ന കേരളം ഇന്നിവിടെയുണ്ട്. അതുകൊണ്ട്, നവകേരളത്തിനായി ഒത്തൊരുമിച്ച് പോരാടുന്ന നമുക്ക്, ഒരുമയുള്ള മനസോടെ സ്വീകരിക്കാം…മാവേലിയെയും ഓണത്തെയും…ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്…

Related posts