കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; * അപകടം തിരുവോണനാളിൽ പുലർച്ചെ
കുന്നംകുളം: കുന്നംകുളത്ത് കെഎസ്ആർടിസി ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാണിപ്പയ്യൂരിൽ വച്ചായിരുന്നു അപകടം. ചൂണ്ടൽ വടക്കുമുറി തൊമ്മിൽ ഗിരീശന്റെ മകൻ സഗേഷ് (20), തണ്ടൽ ചിറയത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. തിരുവോണ നാളിൽ പുലർച്ചെ രണ്ടരയോടെ കാണിപ്പയ്യൂരിലെ യൂണിറ്റി ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സ്കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരുടേയും ദേഹത്തിലൂടെ ബസ് കയറിയിറങ്ങി. ഓണത്തോടനുബന്ധിച്ച് കുന്നംകുളം ടൗണിൽ വന്ന് തിരിച്ച് വീട്ടിലേക്ക് പോകുന്പോഴായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ കുന്നംകുളം ആക്ട്സ് പ്രവർത്തകരും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ മാറ്റിയത്. സംഭവത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഒരു മണിക്കുറിലധികം ഗതാഗതം തടസപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം രണ്ട് പേരുടെയും മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു.
കാറും പിക്കപ്പ്വാനും കൂട്ടിയിടിച്ച് രണ്ടു മരണം; അപകടം ഇന്നലെ പുലര്‍ച്ചെ നാലിന്; അഞ്ചുപേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട് : തിരുവോണപ്പുലരിയില്‍ യുവാക്കള്‍ സഞ്ചരിച്ച കാറും പാല്‍വിതരണത്തിന് പോവുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് പന്നിയങ്കര ഫിഷ് മാര്‍ക്കറ്റിന് സമീപം ഇന്നലെ പുലര്‍ച്ച നാലുമണിയോടെയാണ് സംഭവം. ബേപ്പൂര്‍ രേഷ്മി മന്‍സിലില്‍ മുഹമ്മദ് ഷാഫിയുടെ മകന് ഷാഹിദ് ഖാന് (23), വൈദ്യരങ്ങാടി പുളിഞ്ചോട് ചോയില് വീട്ടില്‍ പരേതനായ മുസ്തഫയുടെ മകന് മുനവ്വര്‍ (22) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അക്മല്‍ (23), സനജ്(23), സാലിക്ക് (23) സൈനുദ്ധീന്‍ (23) പിക്കപ്പ് വാന്‍ ഡ്രൈവര്‍ യാസിര്‍ (32) എന്നിവര്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
ബേപ്പൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഷവര്‍ലെ കാറും പാല്‍വിതരണം നടത്തുകയായിരുന്ന എയ്സ് പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറും പിക്കപ്പ്വാനും തകര്‍ന്നു.
ബീച്ച് സ്റ്റേഷന് ഓഫീസര്‍ പനോത്ത് അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘം ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൊളിച്ചാണ് കാറിനുള്ളിലുള്ളവരെ പുറത്തെടുത്തത്. പന്നിയങ്കര പോലീസും രക്ഷാപ്രവര്ത്തനത്തിനായുണ്ടായിരുന്നു. മുനവര്‍, ഷാഹിദ്ഖാന് എന്നിവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കോഴിക്കോട് മാത്തറ പി.കെ.കോളജില്‍ കഴിഞ്ഞ വര്‍ഷം ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിന് ശേഷം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്ന കൂട്ടുകാരായ യുവാക്കളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്.
ഗുല്‍സാര്‍ ആണ് മരിച്ച ഷാഹിദിന്റെ മാതാവ്. ഇര്‍ഫാന സഹോദരിയാണ്. മരിച്ച മുനവ്വറിന്റെ മാതാവ്: റസിയ, സഹോദരങ്ങള്‍: മെഹ്റാസ്, ഫൈറൂസ്, റിഫാന. പന്നിയങ്കര പാലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
കൊഴിഞ്ഞാന്പാറയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചിറ്റൂർ: കൊഴിഞ്ഞാന്പാറയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവു മരിച്ചു. കൊഴിഞ്ഞാന്പാറ ചെറിയ നടുക്കളം കുമാരന്റെ മകൻ ബിനോദ് കുമാർ (25) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 3.15 ന് കണ്ണനമേട്ടിൽ വച്ചാണ് അപകടം. കോയന്പത്തൂർ -തൃശൂർ റൂട്ടിലോടുന്ന എസ്എംസി സ്വകാര്യ ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബിനോദ്കുമാറിനെ ഉടൻ കൊഴിഞ്ഞാന്പാറ സ്വകാര്യ ആശുപ ത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊഴിഞ്ഞാന്പാറ പോലീസ് കേസെടുത്തു. കഞ്ചിക്കോട് സ്വകാര്യ കന്പനി ജീവനക്കാരനാണ് ബിനോദ് കുമാർ. അമ്മ: ബിന്ദു. സഹോദരി: ബിൻസി.