എട്ടു കോടിയുടെ ഓണം ബമ്പര്‍ അടിച്ചയാളെ തപ്പി മലയാളികള്‍ നടക്കാന്‍ തുടങ്ങിയിട്ട് ദിവസം കുറെയായി. അവകാശി ഇപ്പോഴും കാണാമറയത്തു തന്നെ. അന്യസംസ്ഥാന തൊഴിലാളിയെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നുള്ള വാര്‍ത്തകള്‍ വരെ വന്നിരുന്നു. അവകാശിക്കായുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതിനിടെയാണ് കായംകുളം സ്വദേശിയായ വിശാല്‍ വെളിപ്പെടുത്തല്‍ വരുന്നത്. സമ്മാനര്‍ഹമായ ലോട്ടറി വിറ്റയാളില്‍ നിന്നു തന്നെയാണ് താന്‍ ലോട്ടറിയെടുത്തിരുന്നു. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വിശാല്‍ വാങ്ങിയത് തൃശൂരില്‍ നിന്നുതന്നെ. അതും കുതിരാനില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റയാളില്‍ നിന്ന്. സമ്മാനാര്‍ഹമായ ടിക്കറ്റുമായി ഇതുവരെ ആരും എത്തിയിട്ടുമില്ല.
തൃശൂരില്‍ നിന്നാണ് വിശാല്‍ ടിക്കറ്റെടുക്കുന്നത്. ലോട്ടറി ടിക്കറ്റ് മകന് നശിപ്പിക്കാതിരിക്കാന്‍ വീട്ടില്‍ എത്തിയ ഉടനെ പഴയ ലാവ മൊബൈല്‍ ഫോണിന്റെ കവറില്‍ ഒളിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീട്ടുകാര്‍ വീട് വൃത്തിയാക്കുമ്പോള്‍ വിശാല്‍ വീട്ടിലുണ്ടായിരുന്നില്ല. പഴയ ഫോണ്‍ കവര്‍ ചവറ്റുകുട്ടയില്‍ വീണു. അത് തീയിടുകയും ചെയ്തു. അതിനുള്ളില്‍ എട്ട് കോടിയുടെ സൗഭാഗ്യം ഉണ്ടായിരുന്നോ എന്ന സംശയമാണ് വിശാലിനുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് 19 ന് സുഹൃത്ത് അവിനാശിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കൂട്ടുകാരുമൊത്ത് സ്വന്തം കാറില്‍ തൃശൂരിലെത്തിയത്. തൃശൂര്‍ പാലക്കാട് റോഡില്‍ കുതിരാന്‍ ക്ഷേത്രത്തിന് മുന്നില്‍ പഴം വാങ്ങാന്‍ നിറുത്തിയപ്പോള്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് ഏജന്‍സിയിലെ ചില്ലറ വില്പനക്കാരനായ സന്തോഷില്‍ നിന്ന് ടിക്കറ്റ് വാങ്ങി.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ സന്തോഷിനെ കഴിഞ്ഞ ദിവസം ടി.വിയില്‍ കണ്ടപ്പോഴാണ് വിശാല്‍ ലോട്ടറിയുടെ കാര്യം ഓര്‍ത്തത്. പിന്നെ തെരച്ചിലായി. ഫോണ്‍ കവറില്‍ ടിക്കറ്റ് സൂക്ഷിച്ച കാര്യം അവസാനമാണ് ഓര്‍ത്തത്. അപ്പോഴേക്കും എല്ലാം ഒരുപിടി ചാരമായി മാറിക്കഴിഞ്ഞിരുന്നു. ദുബായില്‍ നിന്ന് ആറ് മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യ സോജ ദുബായില്‍ നഴ്സാണ്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇതുവരെ കിട്ടിയില്ലെന്നു കേള്‍ക്കുമ്പോള്‍ വിശാലിന് ഇപ്പോഴും വിഷമമാണ്.