തൃശൂർ: ഈ ഓണത്തിന് ഓണം ബംബർ എടുക്കുന്നവരിൽ ഒന്നാംസ്ഥാനക്കാരനായ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 12 കോടി രൂപയുടെ സമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ഈ വർഷത്തെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശനം തൃശൂർ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്നു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണു പ്രകാശനം നിർവഹിച്ചത്. ആദ്യ വില്പന മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിച്ചു. ആദ്യ ടിക്കറ്റ് മേയർ അജിത വിജയൻ ഏറ്റുവാങ്ങി.
പാർശ്വവത്കരിക്കപ്പെട്ടവർക്ക് ആശ്വാസമാണു കേരള ഭാഗ്യക്കുറിയെന്നു മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സുതാര്യതയാണ് അതിന്റെ വിജയം. ഇതുവരെയും അർഹിക്കുന്നവരുടെ കൈകളിലാണു സമ്മാനമെത്തിയിട്ടുള്ളതെന്ന കാര്യത്തിൽ സർക്കാരിന് അഭിമാനമുണ്ട്. തിരുവോണം ബംബർ ഭാഗ്യക്കുറി വില്പനയിലൂടെ ലഭിക്കുന്ന തുക നാടിന്റെ പുനരധിവാസം, പുനർനിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ വിനിയോഗിക്കാവുന്ന തരത്തിലും ചെന്നെത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ എസ്. ഷാനവാസ്, കൗണ്‍സിലർ എ. പ്രസാദ്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് എം.ആർ. സുധ, ഭാഗ്യക്കുറി വകുപ്പ് സമ്മാന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ.ഡി. അപ്പച്ചൻ, ഭാഗ്യക്കുറി വകുപ്പ് പബ്ലിസിറ്റി ഓഫീസർ അനിൽ ഭാസ്കർ, തൃശൂർ ജില്ലാ ഭാഗ്യക്കുറി ഓഫീസർ അനിൽ, അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസർ ഷാജു, വിവിധ ഏജൻസി പ്രതിനിധികളായ സി.ജി. ദിവാകർ, പി.എൻ. സതീഷ്, വി.കെ. ലതിക, കെ.കെ. ഗോപി, ബേബി നെല്ലിക്കുഴി, പി.എസ്. രാധാകൃഷ്ണൻ, പി.ആർ. ഹരി, ഗീവർ, പി.എം. ആന്റോ എന്നിവർ പങ്കെടുത്തു.
300 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 19നാണു നടക്കുക. ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്കു പുറമേ രണ്ടാം സമ്മാനമായി പത്തു പേർക്ക് അഞ്ചു കോടി രൂപ വീതവും മൂന്നാം സമ്മാനം 20 പേർക്കു രണ്ടു കോടി രൂപ വീതവും നൽകും. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ ഒന്‍പതു പേർക്കു ലഭിക്കും. ഒരു ലക്ഷം രൂപയുടെ 180, 5000 രൂപയുടെ 31500, 3000 രൂപയുടെ 31500, 2000 രൂപയുടെ 45000, 1000 രൂപയുടെ 217800 എണ്ണം സമ്മാനങ്ങളും ഉണ്ട്. 90 ലക്ഷത്തോളം ടിക്കറ്റുകളാണു വില്‍ക്കുന്നത്.