തിരുവനന്തപുരം: ഓണം ബംപർ ഭാഗ്യക്കുറിയിൽ ആദ്യ ദിവസം റിക്കാർഡ് വിൽപന. നാലര ലക്ഷം ടിക്കറ്റുകൾ ആണ് ആദ്യദിനത്തിൽ വിൽപ്പന നടന്നത്.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റിന്റെ വില. ആദ്യ ദിവസം വിൽപന നടന്നത് 22.5 കോടി രൂപയുടെ ടിക്കറ്റുകളാണ്.
ഇന്നലെ രാവിലെ മുതലാണ് ഓണം ബംപർ ടിക്കറ്റ് വിൽപന സജീവമായത്. ആറുലക്ഷം ടിക്കറ്റുകളാണ് തുടക്കത്തിൽ ജില്ലാ ഓഫീസുകളിൽ എത്തിച്ചത്.
ഇതിൽ നാലര ലക്ഷവും വിറ്റുപോയി. ടിക്കറ്റ് വിലയിൽ മാറ്റമില്ലെങ്കിലും സമ്മാനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂട്ടിയിട്ടുണ്ട്.
125.54 കോടി രൂപയാണ് ആകെ സമ്മാനമായി നൽകുന്നത്. ടിക്കറ്റ് ക്ഷാമം ഉണ്ടാകില്ലെന്നും ആവശ്യാനുസരണം ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും ലോട്ടറി ഡെപ്യൂട്ടി ഡയറക്ടർ രാജ് കപൂർ അറിയിച്ചു.
പരമാവധി 90 ലക്ഷം ടിക്കറ്റുകൾ വരെ വിപണിയിലെത്തിക്കാൻ ലോട്ടറി വകുപ്പിനാകും. കഴിഞ്ഞ വർഷം 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി.