കേരള സര്ക്കാരിന്റെ ഓണം ബംബര് ഒന്നാം സമ്മാനം ലഭിച്ചതായി സോഷ്യല് മീഡിയയില് ആദ്യം പ്രചരിച്ച കഥയിലെ നായകനായ വയനാട് പനമരം പരക്കുനി സ്വദേശി ഒടുവില് താന് പറഞ്ഞത് കളവാണെന്ന് സമ്മതിച്ചു.
ഒന്നാം സമ്മാനം തനിക്കല്ലെന്നറിഞ്ഞിട്ടും സുഹൃത്തിനെ കബളിപ്പിക്കാന് പറഞ്ഞത് കൈവിട്ട കളിയായിപ്പോയന്നും താന് കാരണമുണ്ടായ വിഷമത്തില് വീട്ടുകാരോടും ബന്ധുക്കളോടും നാട്ടുകാരോടും മാപ്പുചോദിക്കുന്നതായും ദുബായില്നിന്നു പകര്ത്തിയ വീഡിയോയില് സെയ്തലവി പറയുന്നു.
ദുബായ് അബുഹായിലിലെ മൂണ് സ്റ്റാര് വണ് റസ്റ്ററന്റിലെ അടുക്കള ജീവനക്കാരനായ സെയ്തലവി ഓണം ബമ്പറുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞദിവസം വരെ പറഞ്ഞുകൊണ്ടിരുന്നത്.
വയനാട് നാലാംമൈല് സ്വദേശി അഹമ്മദ് എന്നയാള് വാട്ട്സാപ്പിലൂടെ അയച്ചുകൊടുത്ത ഒന്നാം സമ്മാനാര്ഹമായ ടിക്കറ്റിന്റെ ഫോട്ടോ സുഹൃത്തുക്കളെ കാണിച്ചാണ് സെയ്തലവി സമ്മാനം തനിക്കാണെന്നു പറഞ്ഞത്.
സമ്മാനാര്ഹമായ ടിക്കറ്റ് എവിടെയെന്ന ചോദ്യത്തിന് അഹമ്മദ് തന്നെ വഞ്ചിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും സെയ്തലവി പറഞ്ഞിരുന്നു.
ഗൂഗിള്പേയിലൂടെ 300 അയച്ചുകൊടുത്ത് അഹമ്മദിനെക്കൊണ്ട് ടിക്കറ്റ് എടുപ്പിച്ചുവെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന് തുക കൈമാറ്റം ചെയ്തതായുള്ള ഒരു ഫോട്ടോയും സെയ്തലവി ഫോണില് പ്രദര്ശിപ്പിച്ചിരുന്നു.
എന്നാല് സെയ്തലവിയുമായി നടത്തിയ വാട്സാപ്പ് ചാറ്റ് അഹമ്മദ് പുറത്തുവിട്ടതോടെ ഈ കള്ളം പൊളിഞ്ഞിരുന്നു. മറ്റൊരാള്ക്ക് അടിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് അയച്ചുതന്നതെന്ന് അഹമ്മദ്, സെയ്തലവിയോടു പറയുന്നുണ്ട്.
അങ്ങനെയാണെങ്കില് ഈ ടിക്കറ്റ് വച്ച് സുഹൃത്തിനെ ‘സുയിപ്പാക്കാം’ എന്നാണ് സെയ്തലവി അഹമ്മദിനോട് പറയുന്നത്.
മൊബൈലിലെ ഫോട്ടോകാട്ടി സുഹൃത്തിനോട് സെയ്തലവി പറഞ്ഞകാര്യം ദുബായില് പരക്കുകയായിരുന്നു. വിവരം അറിഞ്ഞ് മാധ്യമപ്രതിനിധികള് എത്തിയപ്പോഴും നടന്ന കാര്യം തുറന്നുപറയാതെ തനിക്കാണ് ഒന്നാം സമ്മാനം എന്ന വാദത്തില് സെയ്തലവി ഉറച്ചുനിന്നു.
തനിക്ക് ഒന്നാം സമ്മാനം അടിച്ചെന്നു വ്യാപകമായി പ്രചരിച്ചതിനാല് പിന്നീട് അത് നിഷേധിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായില്ലെന്നാണ് സെയ്തലവി ഇപ്പോള് പറയുന്നത്.
കോഴിക്കോട്, പാലക്കാട് സ്വദേശിയാണെന്നൊക്കെ സെയ്തലവി മാറ്റിമാറ്റി പറഞ്ഞിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവര് എറണാകളും മരട് സ്വദേശി ജയപാലന് യഥാര്ഥ ടിക്കറ്റ് ബാങ്കില് ഹാജരാക്കിയതോടെയാണ് സെയ്തലവിയുടെ നുണക്കഥകള് പൊളിഞ്ഞത്.
സെയ്്തലവിയുടെ ഈ പ്രവൃത്തി വിവാദമായതോടെ മാനസികമായി തകര്ന്ന സെയ്തലവിയുടെ കുടുംബം താല്ക്കാലികമായി ബന്ധുവീട്ടിലേക്ക് മാറി.
പരക്കുനിയില് വാടകവീട്ടിലാണ് സെയ്തലവിയുടെ കുടുംബം താമസിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില് സെയ്തലവിക്കെതിരേ ട്രോളുകള് വ്യാപകമായിട്ടുണ്ട്.
അതിനിടെ വീട്ടുകാര്ക്ക് പിന്തുണയുമായി നാട്ടുകാര് രംഗത്തു വന്നു. സെയ്തലവിയുടെ കുടുംബത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും അവര്ക്ക് പിന്തുണ നല്കുമെന്നും നാട്ടുകാര് പറഞ്ഞു.