കേരളം ആവേശത്തോടെ കാത്തിരുന്ന ഓണം ബംബറിന്റെ നറുക്കെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ഇതിനെച്ചുറ്റിപ്പറ്റി പല സംശയങ്ങളും ഉയരുകയാണ്.
ഒന്നാം സമ്മാനമായ 12 കോടിയ്ക്കര്‍ഹമായത് TE 645465 എന്ന നമ്പരിലുള്ള ടിക്കറ്റായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിനു കീഴില്‍ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്നായിരുന്നു ആദ്യം വിവരം വന്നത്.
ഏജന്റ് മുരുകേഷ് തേവര്‍ വിറ്റ ടിക്കറ്റിന്റെ ഉടമ ആരെന്ന് തുടക്കത്തില്‍ കണ്ടെത്താനായതുമില്ല. അങ്ങനെ കേരളം ഭാഗ്യവാനെത്തപ്പി നടക്കുമ്പോഴാണ് ഇന്നലെ രാത്രിയോടെ ഭാഗ്യവാന്‍ വയനാട് പനമരം സ്വദേശി സെയ്തലവിയാണെന്ന വിവരങ്ങള്‍ പുറത്തു വന്നത്.
കഴിഞ്ഞ പതിനൊന്നു വര്‍ഷമായി സെയ്തലവി ദുബായിലെ അബു ഹെയ്‌ലിലുള്ള റെസ്റ്റൊറന്റില്‍ ജോലി ചെയ്യുകയായിരുന്നു.
സുഹൃത്ത് അഹമ്മദ് വഴി വാട്‌സ് ആപ്പിലൂടെയാണ് താന്‍ ടിക്കറ്റ് എടുത്തതെന്നാണ് സെയ്തലവി പറയുന്നത്.
ടിക്കറ്റിന്റെ പണം ഓണ്‍ലൈനായി അയച്ചു കൊടുത്തപ്പോള്‍ ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്‌സ്ആപ്പിലൂടെ അയച്ചു കൊടുത്തുവെന്നും പറയുന്നു.
ലോട്ടറി അടിച്ചുവെന്ന വാര്‍ത്ത വന്നതോടെ സൈതലവിയുടെ മകന്‍ പാലക്കാട് പോയി ടിക്കറ്റ് നേരിട്ട് കണ്ട് ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സെയ്തലവി നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു.
ഇനി യഥാര്‍ഥ കഥയിലേക്ക് വരാം…വാട്‌സ് ആപ്പിലൂടെ വാങ്ങിയ കേരളാ ലോട്ടറി കടലാസ് ലോട്ടറിയാണെന്നുള്ളതാണ് ഒന്നാമത്തെ കാര്യം. അത് ഫിസിക്കലായി വാങ്ങണമെന്നുള്ളതാണ് ചട്ടം.
അതിനാല്‍ തന്നെ വാട്‌സ്ആപ്പിലൂടെയുള്ള വാങ്ങലിന് നിയമപ്രാബല്യം ഇല്ലെന്നു തന്നെ പറയാം. ഇനി സെയ്തലവി ഒറിജിനല്‍ ലോട്ടറി നല്‍കിയാലും നിയമപ്രശ്‌നങ്ങള്‍ അത്രവേഗം ഒഴിയില്ല.
കോഴിക്കോട്ട് നടന്നു പോയ ആളില്‍ നിന്നാണ് സുഹൃത്ത് ലോട്ടറി വാങ്ങിയതെന്നും സെയ്തലവി പറയുന്നുണ്ട്. എന്നാല്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ മീനാക്ഷി ഏജന്‍സി പറയുന്നത് തങ്ങള്‍ കോഴിക്കോട്ട് ടിക്കറ്റ് വില്‍ക്കുന്നില്ലെന്നാണ്. ഇതും വലിയ സംശയങ്ങള്‍ക്കിടയാക്കുന്നു.
ഇതാണ് സംഭവത്തിന് കള്ളപ്പണ മാഫിയയുടെ ഇടപെടല്‍ സംശയിക്കാനുള്ള കാരണങ്ങളിലൊന്ന്. നേരിട്ടുള്ള സാന്നിദ്ധ്യമില്ലെന്ന പേരില്‍ പലര്‍ക്കും ലോട്ടറിയില്‍ സമ്മാനം കിട്ടാത്ത സാഹചര്യം കേരളം കണ്ടിട്ടുണ്ട്. കള്ളപ്പണക്കാരെ നേരിടാനാണ് ഈ സംവിധാനം.
കള്ളപ്പണത്തിന്റെ ഇടപെടല്‍ വ്യക്തമായി സംശയിക്കാവുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നതും. ലോട്ടറി അടിക്കുന്നവരെ ഞൊടിയിടയില്‍ കണ്ടെത്തി അവരെ സ്വാധീനിച്ച് ടിക്കറ്റ് വാങ്ങുകയാണ് കള്ളപ്പണ മാഫിയയുടെ തന്ത്രം.
12 കോടി അടിച്ച ടിക്കറ്റിന് നികുതിയെല്ലാം കഴിഞ്ഞ് അടിച്ചയാള്‍ക്ക് സാധാരണ കിട്ടുന്നത് 7.39 കോടി രൂപയാണെങ്കില്‍ കള്ളപ്പണ മാഫിയ ഇയാള്‍ക്ക് 12 കോടിയും നല്‍കുന്നു.
അതിനു ശേഷം മറ്റൊരാള്‍ ലോട്ടറി വെളുപ്പിച്ച് പണം അക്കൗണ്ടിലാക്കുന്നതാണ് രീതി. അതിനാല്‍ തന്നെ ദുബായിലുള്ള സെയ്‌ലതവിയുടെ അവകാശവാദങ്ങള്‍ പലവിധ സംശയങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.
ടിക്കറ്റിന്റെ ഫോട്ടോ തന്റെ മൊബൈലിലേക്ക് അയച്ചു തന്നതുള്‍പ്പെടെ സെയ്തലവി മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.
വാടകവീട്ടിലാണ് തന്റെ കുടുംബം താമസിക്കുന്നതെന്ന് സെയ്തലവി പറയുന്നു. ജീവിത സാഹചര്യങ്ങളും സാധാരണമാണ്. ഓണ്‍ലൈനായി ലോട്ടറി വാങ്ങിയതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാവും.
ഗൂഗിള്‍പേ വഴി പണം കൈമാറിയതിന്റെ തെളിവ് വരെ സര്‍ക്കാരിന് അവകാശപ്പെടാനാകും. എന്തൊക്കെയായാലും സംഭവം ഒരു നടയ്ക്കു പോകില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നുമുറപ്പാണ്.