തിരുവനന്തപുരം: 25 കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ശ്രീവരാഹം സ്വദേശി അനൂപിനാണ് കോടികളുടെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 30 വയസുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്.
ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ബംപറിന്റെ ഭാഗ്യമെത്തിയത്.
പണം ഇല്ലാത്തതിനാല്‍ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു.
പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. ശനിയാഴ്ച രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തതെന്ന് അനൂപ് പറഞ്ഞു.
‘ബംപര്‍ അടിച്ചെന്നു വിശ്വസിക്കാനാകുന്നില്ല. അറിഞ്ഞ ഉടന്‍ തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ടിക്കറ്റെടുത്തത്. അന്‍പത് രൂപ കുറവുണ്ടായിരുന്നതിനാല്‍ ടിക്കറ്റെടുക്കേണ്ട എന്നു കരുതിയതാണ്. പിന്നെ കൊച്ചിന്റെ കുടുക്കപൊട്ടിച്ച പണം കൊണ്ടാണ് ലോട്ടറി എടുത്തത്. ഒറ്റ ടിക്കറ്റേ എടുത്തിരുന്നുള്ളൂ.’ ബംപര്‍ ജേതാവ് അനൂപ് പറഞ്ഞു.
തങ്കരാജ് ലോട്ടറി ഏജന്‍സി പഴവങ്ങാടിയില്‍ വിറ്റ ടിക്കറ്റാണിത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.