മാവേലി കനിഞ്ഞ മഹാഭാഗ്യവാനെ തേടി കേരളം കാത്തിരിപ്പ് തുടരുകയാണ്. മലപ്പുറം പരപ്പനങ്ങാടിയില്‍ വിറ്റ ലോട്ടറി ടിക്കറ്റാണെന്നറിഞ്ഞതു മുതല്‍ നാട്ടുകാര്‍ ഭാഗ്യവാനാരന്നെറിയാനുള്ള നെട്ടോട്ടത്തിലാണ്. പരപ്പനങ്ങാടി ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കോട്ടന്തല പൂച്ചേങ്ങല്‍ക്കുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്. ഖാലിദ് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. ലോട്ടറി ടിക്കറ്റ് തിരൂരിലെ കെഎസ് ഏജന്‍സിയില്‍ നിന്ന് പരപ്പനങ്ങാടിയിലെ ഐശ്യര്യ സബ് ഏജന്‍സി വരെ എത്തിയതും വിറ്റതും ഖാലിദിനു ഓര്‍മയുണ്ടെങ്കിലും വാങ്ങിയാളുടെ മുഖം തെളിയുന്നില്ല.
ഖാലിദിനെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിന്റെ അന്വേഷണം മുഴുവന്‍. അതുകൊണ്ടുതന്നെ ഖാലിദായിരുന്നു താരം. ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് കുറച്ചു ലോട്ടറി വിറ്റതായി ഓര്‍മയുണ്ട്. ഭാഗ്യം തന്റെ കൈയിലുടെയാണ് പോയതെന്ന സന്തോഷത്തിലാണ് 40 വയസുകാരനായ ഖാലിദ്. 20 വര്‍ഷമായി ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നു. കഴിഞ്ഞ ദിവസം 250 രൂപയുടെ 5,000 രൂപക്കെടുത്ത ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്. 20 ടിക്കറ്റാണ് എടുത്തിരുന്നത്. സമ്മാനതുകയായ 10 കോടി രൂപയില്‍ ഏജന്‍സി കമ്മീഷനായി ഒരു കോടി രൂപ ലഭിക്കും.
രാത്രി മജിസ്‌ട്രേറ്റ് മുന്‍പാകെയോ പോലീസ് സ്‌റ്റേഷന്‍ മുന്‍പാകെയോ ലോട്ടറി ടിക്കറ്റ് ഹാജരാക്കാന്‍ സാധ്യതയുള്ളതിനാല്‍ ആ വഴിക്കും അന്വേഷണം തുടര്‍ന്നു. ഉറക്കമില്ലാത്ത രാത്രിയായിരുന്നു വെള്ളിയാഴ്ച പരപ്പനങ്ങാടിക്ക്. ഭാഗ്യവാനെക്കുറിച്ചുള്ള അന്വേഷണത്തിനായി ഖാലിദിനെ വിളിച്ചുകൊണ്ടിരുന്നു. നഗരസഭ നല്‍കിയ മുച്ചക്രവാഹനത്തിലാണ് ഭിന്നശേഷിക്കാരനായ അദ്ദേഹം ലോട്ടറി വില്‍പ്പന നടത്തുന്നത്. നാലു സെന്റില്‍ പണിതീരാത്ത വീട്ടിലാണ് ഖാലിദ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാര്യ: ഉമ്മുക്കുല്‍സു. മക്കള്‍: മുര്‍ഷിദ, ഫഹ്വാന്‍.
മധുരം വിതരണം ചെയ്തും വാദ്യമേളങ്ങള്‍ ഒരുക്കിയും തിരൂരിലും ഏജന്‍സിയും ആഹ്ലാദം കൊഴുപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭാഗ്യവാനെ കണ്ടെത്തിയെന്ന നിലയില്‍ വ്യാജവാര്‍ത്തകള്‍ പരന്നു. സോഷ്യല്‍ മീഡിയയിലും വ്യാപകപ്രചരണമാണ് നടന്നത്. ഒഴൂര്‍ സ്വദേശി സോമന്‍ എന്നയാളുടെ പേരിലും പ്രചാരണങ്ങള്‍ ശക്തമായി. സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെ ഇയാളെ കോടിപതിയാക്കുകയായിരുന്നു. സുഹൃത്തുക്കളുടെ തമാശയുടെ ഭാഗമായാണ് സോമന്‍ അല്പ സമയം കോടിപതിയായത്. ഇയാള്‍ ഒണം ബംപര്‍ ടിക്കറ്റ് എടുത്തിരുന്ന് പോലുമില്ല.
സോമന്‍ നിഷേധിച്ചതോടെ വൈലത്തൂര്‍, പരപ്പനങ്ങാടി സ്വദേശികളെ കേന്ദ്രീകരിച്ചായിരുന്നു അഭ്യൂഹങ്ങള്‍. മലപ്പുറം എംഎസ്പിയിലെ പോലീസുകാരന് ലോട്ടറി അടിച്ചതായുള്ള വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നു അദ്ദേഹവും ഫോണ്‍ ഓഫ് ചെയ്തുവയ്ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം എജെ 442876 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.