തൃപ്പൂണിത്തുറ: ഇന്നലെ നറുക്കെടുത്ത തിരുവേണം ബന്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായില്ല.
തൃപ്പൂണിത്തുറ കിഴക്കേക്കോട്ട സ്റ്റാച്ച്യു റോഡിലെ മീനാക്ഷി ലോട്ടറീസിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിഇ 645465 ടിക്കറ്റ് വിറ്റത്.
തിരുവോണം ബംപർ തൃപ്പൂണിത്തുറയിലെന്ന് അറിഞ്ഞതോടെ നിരവധി ആളുകളാണ് മീനാക്ഷി ലോട്ടറീസിന് മുന്നിൽ തടിച്ചുകൂടിയത്.
വന്നവരെല്ലാം അന്വേഷിച്ചത് ബംപറടിച്ച ഭാഗ്യവാനെയാണ്. സമ്മാനം കിട്ടിയയാളെ കണ്ടെത്തിയിട്ടില്ലായെന്ന് പറയലായി കടക്കാരന്റെ പ്രധാന പണി.
ഒന്നാം സമ്മാനം അടിച്ച ടിക്കറ്റിന്റെ തൊട്ടടുത്ത നമ്പറുള്ള ലോട്ടറി ടിക്കറ്റുമായി കടയിലെത്തിയവർ കപ്പിനും ചുണ്ടിനുമിടയിൽ കോടികൾ നഷ്ടപ്പെട്ടതിന്റെ വിഷാദത്തിലുമായിരുന്നു. മൊത്തം 660 ബംപർ ടിക്കറ്റുകളാണ് കടയിൽനിന്നും വിറ്റഴിച്ചത്.
മീനാക്ഷി ലോട്ടറീസിന്റെ കോട്ടയത്തുള്ള ഹെഡ് ഓഫീസിൽ നിന്നും കഴിഞ്ഞ എട്ടിനാണ് ബംപർ ഉൾപ്പെടെ ലോട്ടറികൾ തൃപ്പൂണിത്തുറയിലെ ഏജൻസിയിൽ വില്പനയ്ക്ക് കൊണ്ടുവന്നത്.
കഴിഞ്ഞ തവണ ഓണം ബംപറിൽ ഒരു കോടി രൂപ ഇവിടെനിന്നും വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. കൂടാതെ കഴിഞ്ഞ രണ്ടിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനവും മീനാക്ഷി ലോട്ടറീസിൽ വിറ്റ ടിക്കറ്റിനായിരുന്നു.
ലോട്ടറി കടയിലെ തിരുമലൈ കുമാർ എന്ന യുവാവാണ് ബംപർ ടിക്കറ്റ് നൽകിയത്. എന്നാൽ വാങ്ങിയ വ്യക്തി ആരെന്ന് ഇയാൾക്ക് അറിയില്ല.
ഫലം അറിഞ്ഞതു മുതൽ ഭാഗ്യവാനെ ഒരു നോക്കു കാണാൻ നൂറു കണക്കിന് പേരാണ് കടയിൽ എത്തിയത്. വന്നവർക്ക് ലോട്ടറിക്കടക്കാരൻ ആഹ്ലാദമറിയിച്ച് ലഡു വിതരണവും നടത്തി. ഇന്ന് ബാങ്കുകൾ തുറക്കുന്ന തോടെ ഭാഗ്യവാൻ ടിക്കറ്റുമായി എത്തുമെന്നാണ് കരുതുന്നത്.