കോഴിക്കോട്: ആകാംക്ഷകൾക്കൊടുവിൽ 25 കോടിയുടെ തിരുവോണം ബംപർ ടിക്കറ്റ് നറുക്കെടുപ്പിലെ സമ്മാനാർഹനെ കർണാടകയിൽ കണ്ടെത്തി. കർണാടകയിൽ മെക്കാനിക്കായ അൽത്താഫിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. അൽത്താഫ് ഒരു മാസം മുൻപ് വയനാട് സന്ദർശിച്ചവേളയിൽ വാങ്ങിയ TG 434222 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
വാടകവീട്ടിൽ കഴിയുന്ന കഴിയുന്ന അൽത്താഫ്, ഇന്നലത്തെതന്നെ നറുക്കെടുപ്പ് ഫലം അറിഞ്ഞിരുന്നു. വാടകവീട് സ്വന്തമാക്കണം. മക്കളുടെ വിവാഹം നന്നായി നടത്തണം. ഇതാണ് അൽത്താഫിന്റെ മോഹങ്ങൾ. 15 വർഷമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലമുള്ള അൽത്താഫിന് നറുക്കെടുപ്പ്് ഫലം ആദ്യം വിശ്വസിക്കാനായില്ല. ക്യൂ ആർ കോഡ് സ്കാൻ ചെയ്തപ്പോൾ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് തന്റെ കൈയിലാണുള്ളതെന്ന് അൽത്താഫ് ഉറപ്പിച്ചു.
ഓണം ബംപർ വിജയിയാണെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയകളിലൂടെ നിരവധി പേർ രംഗത്തു വന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ യഥാർഥ വിജയിയെ കർണാടകയിൽനിന്നു കണ്ടെത്തിയത്.കഴിഞ്ഞ തവണത്തെ ഓണം ബംപറും അയൽ സംസ്ഥാനത്താണ് അടിച്ചത്. തമിഴ്നാട്ടിലെ നാലു പേരായിരുന്നു 2023ലെ ഓണം ബംപർ വിജയികൾ.
ഇത്തവണത്തെ സമ്മാനാർഹമായ ടിക്കറ്റ് വിൽപന നടത്തിയത് സുൽത്താൻ ബത്തേരിയിലെ എൻജിആർ ലോട്ടറി ഏജൻസീസാണ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് വിൽപന നടത്തിയതും ആ ടിക്കറ്റ് വാങ്ങിയതും കർണാടക സ്വദേശികളാണെന്ന പ്രത്യേകതയുമുണ്ട്.കൂലിപ്പണിക്ക് വേണ്ടി മൈസൂരുവിൽനിന്ന് 15 വർഷം മുൻപ് സുൽത്താൻ ബത്തേരിയിലെത്തിയ നാഗരാജുവും സഹോദരൻ മഞ്ജുനാഥുമാണ് എൻജിആർ ലോട്ടറി സ്റ്റാളിന്റെ ഉടമകൾ.
ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തു വരുന്നതിനിടെയാണ് നാഗരാജു മറ്റൊരു ലോട്ടറി കടയിൽ നാഗരാജ് തൊഴിലാളിയായി കയറുന്നത്.അതിനിടെ മറ്റൊരാളുമായി ചേർന്ന് ലോട്ടറിക്കട ആരംഭിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കുറച്ചുകാലം ബത്തേരി പട്ടണത്തിലൂടെ നടന്ന് ലോട്ടറി ടിക്കറ്റ് വിറ്റു. അതിനു ശേഷം അഞ്ചു വർഷം മുൻപാണ് സഹോദരൻ മഞ്ജുനാഥുമായി ചേർന്ന് എംജി റോഡിൽ എൻജിആർ എന്ന പേരിൽ ലോട്ടറിക്കട തുടങ്ങിയത്.