കോട്ടയം: മറുനാടന്‍ മലയാളികള്‍ക്ക് ഓണത്തിന്റെ പതിവുകള്‍ ഇത്തവണയും തെറ്റില്ല. വിവിധ നാടുകളില്‍നിന്നു വീട്ടിലെത്തി ഓണം ആഘോഷിക്കാൻ പോക്കറ്റ് കാലിയാക്കേണ്ടിവരുമെന്നാണു സ്ഥിതി. അമിതമായ ചാർജ് വർധനയിൽ ബന്ധപ്പെട്ടവർ ഇടപെടുന്നില്ലെന്നാണ് മറുനാടന്‍ മലയാളികളുടെ പരാതി.
ബംഗളൂരു, ചെന്നൈ, മംഗലാപുരം, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തുന്നവരാണു വരുമാനത്തിന്റെ നല്ലൊരു പങ്ക് ഓണയാത്രയ്ക്കു നീക്കിവയ്ക്കേണ്ടിവരുന്നത്.
ഇന്നും നാളെയുമായി ബംഗളുരുവില്‍നിന്നു കോട്ടയത്തേക്കുള്ള സ്വകാര്യ ബസുകളില്‍ 799-1,899 രൂപ വരെയാണ് നിരക്ക്. കെഎസ്ആര്‍ടി ബസില്‍ 906 മുതല്‍ 1,212 രൂപയാണ്. മൂന്നു കെഎസ്ആര്‍ടിസി ബസുകളാണ് ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതെങ്കില്‍ ബംഗളരുവില്നിന്നു കോട്ടയം വഴി കടന്നു പോകുന്നത് ഇരുപതോളം സ്വകാര്യ ബസുകളാണ്.
നിരക്ക് ഓണം അടുക്കുമ്പോഴേക്കും മാറും. 13ന് ബംഗളുരുവില്‍ നിന്നു കോട്ടയത്തേക്കു അഞ്ചിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടെങ്കിലും ഒന്നില്‍ പോലും സീറ്റ് അവശേഷിക്കുന്നില്ല. അന്ന് 27 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതില്‍ ചുരുക്കം സീറ്റുകളാണ് അവശേഷിക്കുന്നത്. ടിക്കറ്റ് നിരക്ക് 2,500 മുതല്‍ 4,200 രൂപ വരെയാണ്.
ഓണം കഴിഞ്ഞുള്ള മടക്കയാത്രയ്ക്കും സാധാരണ ദിവസങ്ങളിലേതിന്റെ ഇരട്ടിയാണ്. ബംഗളൂരു മാത്രമല്ല, ചെന്നൈ റൂട്ടിലും സമാനസ്ഥിതിയാണ്. ഇന്നും നാളെയും ചെന്നൈയില്‍നിന്നു കോട്ടയത്തു വരണമെങ്കില്‍ 600 മുതല്‍ 1,890 രൂപ വരെയാകും. 13നാണ് വരവെങ്കില്‍ അത് 2,990 മുതല്‍ 4,200 രൂപ വരെയാകും.
വിമാനത്തില്‍ 4,000 രൂപ മാത്രം നിരക്കുള്ളപ്പോഴാണ് ബസുകാരുടെ കൊള്ള. ബംഗളൂരുവില്‍നിന്നു കെഎസ്ആര്‍ടിസി സര്‍വീസുണ്ടെങ്കില്‍ ചെന്നൈയില്‍ നിന്നു കോട്ടയത്തേക്കു സര്‍വീസുമില്ല. ചങ്ങനാശേരിയില്‍നിന്ന് ചെന്നൈയിലേക്കും തിരിച്ചും ഓടിയിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കോവിഡ് കാലത്ത് നിലച്ചതില്പ്പിന്നെ തിരികെ വന്നിട്ടില്ല. 800 രൂപ മാത്രമായിരുന്നു ആ ബസില്‍ ചങ്ങനാശേരിയില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രാനിരക്ക്.