തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ വീണ്ടും ഉയർച്ച. ഈ മാസം മൂന്നു മുതൽ ഉത്രാടം വരെയുള്ള എട്ടു ദിവസം 487 കോടിയുടെ മദ്യമാണു ബിവറേജസ് ഒൗട്ട്ലെറ്റുകൾ വഴി മാത്രം സംസ്ഥാനത്തു വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 30 കോടിയുടെ വർധനവ്. 2018-ലെ ഓണക്കാലത്ത് എട്ടു ദിവസം കൊണ്ട് 457 കോടി രൂപയുടെ മദ്യം വിറ്റിരുന്നു.
ഓണത്തിന്റെ തലേദിവസമായ ഉത്രാട ദിനത്തിൽ സംസ്ഥാനത്താകെ 90.32 കോടിയുടെ മദ്യം വിറ്റു. ഓണക്കാലത്ത് ഇതേദിവസം 88.08 കോടിയുടെ മദ്യമാണു വിറ്റത്. ഇക്കുറി കഴിഞ്ഞ വർഷത്തേക്കാർ മൂന്നു ശതമാനം വർധനവ്. ഇരിങ്ങാലക്കുട ബവ്റിജസ് ഒൗട്ട്ലെറ്റാണ് ഇത്തവണയും ഉത്രാടദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത്. കഴിഞ്ഞ വർഷം 1.22 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് ഇത്തവണ അത് ഒരു കോടി നാൽപ്പതിനായിരമായി കുറഞ്ഞു എന്നു മാത്രം.
കഴിഞ്ഞ വർഷത്തേക്കാൾ ഒൗട്ട്ലെറ്റുകളിലെ മദ്യവിൽപ്പന ഇക്കുറി കുറവാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷ പ്രളയത്തിനുശേഷം മദ്യവിലയും നികുതിയും സർക്കാർ വർധിപ്പിച്ചിരുന്നു. ഇതുകൂടിയാണു കഴിഞ്ഞ വർഷത്തേക്കാൾ 30 കോടിയുടെ വർധനയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.