വൈപ്പിൻ: പോലീസ് സ്റ്റേഷനിലെ ഓണാഘോഷം പേരിലൊതുക്കി ആ തുകയ്ക്കു സർക്കാർ വൃദ്ധസദനത്തിൽ അലമാരയും അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചും ഞാറക്കൽ ജനമൈത്രി പോലീസ് മാതൃകയായി. എടവനക്കാട് ഇല്ലത്ത്പടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലേക്കും ഡിമെൻഷ്യ സെന്ററിലേക്കുമാണ് പോലീസിന്റെ ജീവകാരുണ്യ പ്രവർത്തനം എത്തിയത്.
ഞാറക്കൽ സിഐ എം.കെ. മുരളി, എസ്ഐ സംഗീത് ജോബ് എന്നിവരുടെ നേതൃത്തിൽ എഎസ്ഐമാരായ ഹരി, സൗമ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ ജോബി, ടിറ്റു, മിറാഷ് എന്നിവരാണ് ഓണസമ്മാനങ്ങളുമായി വൃദ്ധസദനത്തിലെത്തിയത്. അന്തേവാസികളായ എല്ലാവർക്കും ഓണക്കോടി നൽകി. അവരുമായി വിശേഷങ്ങൾ പങ്കുവെച്ചും അൽപസമയം അവരോടൊത്ത് ചിലവഴിച്ചുമാണ് പോലീസ് സംഘം മടങ്ങിയത്.