തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
കോവിഡ് വർധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കും. ഇതു കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുയിടങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നു പോലീസ് ഉറപ്പ് വരുത്തണം.
മുൻ ആഘോഷങ്ങൾക്ക് നിഷ്കർഷിച്ചതുപോലെ പൊതുസ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ പാടില്ല. പൊതുസ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകൾ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു വരെ തുറക്കാം.
ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകൾ രാത്രി ഒമ്പതു വരെ തുറന്നു പ്രവർത്തിക്കാം. മിക്കവാറും ഹോട്ടലുകളും റിസോർട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവ തുറക്കാനുള്ള അനുമതി നൽകും.
ഓണക്കാലമായതിനാൽ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കൾ കൊണ്ടുവരുന്നതിനാൽ മുൻകരുതലെടുക്കാൻ ആരോഗ്യവകുപ്പ് മാർഗ നിർദേശങ്ങൾ തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ്-19 പരിശോധനകൾ വർധിപ്പിക്കാൻ ജില്ലാ കളക്ടർമാർക്കും ആരോഗ്യവകുപ്പിനും നിർദേശം നൽകി. ഓണമായതിനാൽ ധാരാളം പേർ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവർക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയാറാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
കോവിഡ് മുൻകരുതലുകൾ യുവജനങ്ങൾ വേണ്ടത്ര പാലിക്കുന്നില്ല എന്ന പൊതു അഭിപ്രായം ഉണ്ട്. അതിനാൽ മാസ്കുകൾ ധരിക്കുന്നതുൾപ്പെടെയുള്ള കാന്പയിൻ നടത്താൻ ബന്ധപ്പട്ട വകുപ്പുകൾ തയ്യാറാകണം.