പുതുക്കാട് : ഓണപ്പരീക്ഷയ്ക്ക് മുന്പ് പാഠപുസ്തകം കിട്ടിയില്ല. അവസാന ദിവസ പരീക്ഷയ്ക്ക് ഉത്തരമെഴുതാൻ കഴിയാതെ എട്ടാം ക്ലാസ് വിദ്യാർഥികൾ വലഞ്ഞു. ബിആർസിയുടെ കീഴിൽ സർവ്വ ശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ വിതരണം ചെയ്യേണ്ട ആരോഗ്യ കായിക വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, പ്രവൃത്തി പഠനം എന്നിവയ്ക്കായുള്ള പാഠപുസ്തകങ്ങളാണ് വിദ്യാർഥികൾക്ക് ലഭിയ്ക്കാത്തത്. വിദ്യാഭ്യാസ വകുപ്പ് നിർബന്ധിത പാഠ്യവിഷയമാക്കിയതാണ് ഈ വിഭാഗങ്ങൾ.
സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നലെയാണ് ഈ വിഷയത്തിൽ പരീക്ഷ നടന്നത്. രാവിലെ നടന്ന രണ്ട് മണിക്കൂർ ദൈഘ്യമുള്ള പരീക്ഷയിൽ മൂന്ന് വിഭാഗങ്ങൾക്കുമായി 31 ചോദ്യങ്ങളിൽ 45 മാർക്കാണ് നൽകുന്നത്. സർവ്വശിക്ഷാ അഭിയാൻ ആണ് ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. പ്രായോഗിക പരിശീലനത്തിലൂടെയും പ്രത്യേകമായി തയ്യാറാക്കിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുമാണ് ചോദ്യാവലി തയാറാക്കിയിട്ടുള്ളത്. എന്നാൽപുസ്തകത്തിനെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാതെയാണ് വിദ്യാർഥികൾ വലഞ്ഞത്.
വിദ്യാലയങ്ങളിൽ കായികം, കല, പ്രവൃത്തി പരിചയം എന്നീ വിഷയങ്ങൾക്ക് പ്രത്യേകമായി അധ്യാപകരുടെ പരിശീലനം നൽകുന്നുണ്ട്. എന്നാൽ പാഠപുസ്തകത്തിൽ നിന്നുള്ള ഭൂരിഭാഗം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തതെ വന്നതാണ് കുട്ടികളെ കുഴപ്പിച്ചത്. അഞ്ചാം ക്ലാസ്സ് മുതലാണ് ഈ വിഷയങ്ങളിൽ സർവ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ പരീക്ഷ നടത്തുന്നത്.
എട്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് സൗജന്യമായും 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പണം വാങ്ങിയുമാണ് എസ്എസ്എ പാഠപുസ്തകങ്ങൾ നൽകുന്നത്. ഇതിൽ സൗജന്യമായി നൽകേണ്ട ക്ലാസുകളിലെ പുസ്തകങ്ങളാണ് ഇതുവരെയും കിട്ടാത്തത്. ഈ വർഷത്തെ പുസ്തകം വിതരണം ചെയ്യാത്തതിനാൽ കഴിഞ്ഞവർഷത്തെ പുസ്തകം പ്രയോജനപ്പെടുത്താനായിരുന്നു സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.
എന്നാൽ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പഴയ പുസ്തകം കിട്ടാതെ പരീക്ഷയെഴുതേണ്ട അവസ്ഥയായിരുന്നു. ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ നിരവധിയായിരുന്നെന്ന പരാതിയുമായി പരീക്ഷയ്ക്ക് ശേഷം വിദ്യാർഥികൾ അധ്യാപകരെ സമീപിക്കുകയായിരുന്നു.
സംസ്ഥാന സിലബസിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ ഈ പരീക്ഷയിലെ മാർക്കും പ്രധാനപ്പെട്ടതാണ്. എട്ടാംക്ലാസ്സിൽ മാർക്ക് കുറഞ്ഞ വിദ്യാർഥികളെ തോൽപ്പിക്കണമെന്നുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം നിലനിൽക്കെ,ഈ പരീക്ഷയിൽ ഉത്തരമെഴുതാൻ കഴിയഞ്ഞത് കുട്ടികൾ ആശങ്കയിലാക്കുന്നുണ്ട് അർധവാർഷിക പരീക്ഷയ്ക്ക് മുന്പായി പാഠപുസ്തകം ലഭ്യമാക്കണമെന്ന ആവശ്യവുമായി അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്.