കോട്ടയം: നല്ല ഓണ സദ്യയുമുണ്ണാം വലവീശി മീനും പിടിക്കാം. പോരാത്തതിന് സമ്മാനവും. ഇത്തവണ ഓണത്തിനു വ്യത്യസ്ത പരിപാടി സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പാണ്. ഓണത്തിന്റെ നന്മ ആസ്വദിക്കാൻ അവസരമൊരുക്കുന്നത് ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ. “നാട്ടിൻപുറങ്ങളിൽ ഓണം ഉണ്ണാം , ഓണ സമ്മാനങ്ങൾ വാങ്ങാം” എന്ന പദ്ധതിയിലൂടെയാണ് ഓണത്തിന്റെ നൻമയെ നാട്ടിൻപുറങ്ങളിൽ തിരികെയെത്തിക്കുന്നത്.
ഉത്തര വാദിത്ത ടൂറിസം മിഷൻ കഴിഞ്ഞ വർഷം ആരംഭിച്ച ഈ പരിപാടി വൻ വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ വിപുലമായി രീതിയിൽ പദ്ധതി നടപ്പാക്കുന്നത്. ഓണം സ്പെഷൽ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകളായാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഒരു ഭാഗം ഗ്രാമയാത്രകളാണ് . ഗ്രാമയാത്രയ്ക്ക് സ്വന്തം വാഹനത്തിലെത്തുന്നവർക്ക് കുട്ടികളുൾപ്പെടെയുള്ള നാലംഗ കുടുംബത്തിന് 3000 രൂപ നിരക്കിൽ പദ്ധതിയുടെ ഭാഗമാകാം. ഈ 3000 രൂപയിൽ നാലംഗ കുടുംബത്തിന് ഓണസദ്യയും ഓണ സമ്മാനങ്ങളും നല്കുന്നു.
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം , മടവൂർ പാറ, കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം, വൈക്കം താലൂക്കിലെ മറവന്തുരുത്ത്, ചെന്പ്, കുമരകത്തിനടുത്ത് മാഞ്ചിറ, വരന്പിനകം, അയ്മനം, തിരുവാർപ്പ് , കാസർകോട് ജില്ലയിലെ ബേക്കൽ, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ,കടലുണ്ടി,വയനാട്ടിലെ ചേകാടി, ചെറുവയൽ,നെല്ലറച്ചാൽ തുടങ്ങിയ ഗ്രാമങ്ങളിലാണ് ഓണമുണ്ണാനും ഗ്രാമയാത്ര നടത്തുന്നതിനും സൗകര്യമൊരുക്കുന്നത്.
താമസം ഉൾപ്പെടുത്തിയ പാക്കേജുകളും ഇതിന്റെ ഭാഗമായുണ്ട്. ഈ പാക്കേജിൽ നാലുപേർ അടങ്ങുന്ന ഒരു കുടുംബത്തിന് ഒരു രാത്രി താമസം, പ്രഭാത ഭക്ഷണം, ഓണ സദ്യ, രാത്രി ഭക്ഷണം എന്നിവയും, ഓണസമ്മാനവും ഉൾപ്പെടെ 4000 രൂപ മുതൽ 5000 രൂപ വരെയുള്ള തുക പാക്കേജുകൾ എടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ഹോം സ്റ്റേകളുമായി ചേർന്നാണ് താമസമടക്കമുള്ള പാക്കേജ് നടപ്പാക്കുന്നത്.
നിരവധി ഹോം സ്റ്റേകൾ ഇതിനായി റെജിസ്റ്റർ ചെയ്തിട്ടുണ്ട്. 10വരെ ഹോം സ്റ്റേകൾക്ക് ഇതിനായി റെജിസ്റ്റർ ചെയ്യാം. വീടുകൾ, നാടൻ ഭക്ഷണശാലകൾ , കുടുംബശ്രീ റെസ്റ്റോറൻറുകൾ, കാറ്ററിംഗ് യൂണിറ്റുകൾ , ഹോംസ്റ്റേകൾ, ഹോട്ടലുകൾ എന്നിവർക്കും രജിസ്റ്റർ ചെയ്ത് പദ്ധതിയുടെ ഭാഗമാകാനാകും. അംഗീകൃത ഹോട്ടലുകൾ മുതൽ വഴിയോരക്കടകൾ വരെ താത്പര്യമുള്ള ആരെയും ഇതിനു അനുവദിക്കും.
കുമരകം പാക്കേജിൽ മൂന്ന് മണിക്കൂർ കായൽ, കനാൽ യാത്ര, കയർ നിർമാണം, തെങ്ങുകയറ്റം എന്നിവയുണ്ടാകും. ഇതിനൊപ്പം ഗ്രാമയാത്രയും, വലവീശലും, തിരുവാതിരകളിയുമെല്ലാമടങ്ങുന്ന പ്രത്യേക പാക്കേജുമുണ്ട്. വൈക്കം പാക്കേജിൽ കായൽ,കനാൽ യാത്ര, നെയ്ത്തുശാല സന്ദർശനം, വൈക്കം ക്ഷേത്ര സന്ദർശനം എന്നിവയാണ്. ബേക്കൽ കോട്ട സന്ദർശനം, ബേക്കൽ ബീച്ച് സന്ദർശനം, മണ്പാത്ര നിർമാണം എന്നിവ അടങ്ങുന്നതാണു ബേക്കൽ പാക്കേജ്.
കണ്ണൂർ പാക്കേജിൽ കുഞ്ഞിമംഗലം വെങ്കല ഗ്രാമം സന്ദർശനം, നെയ്തു ശാല സന്ദർശനം, ഗ്രാമ യാത്രഎന്നവയുണ്ടാകും. കോഴിക്കോട് പാക്കേജിൽ ജലായനം ഗ്രാമ യാത്ര, ഫാം ടൂറിസം സെന്റർ സന്ദർശനം എന്നിവയുണ്ടാകും.തിരുവനന്തപുരം പാക്കേജിൽ സിൽക് സാരി നെയ്ത്, കോവളം ബീച്ച് സന്ദർശനം, കൃഷിയിടങ്ങളിലെ സന്ദർശനം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ടാമത്തെ പാക്കേജിൽ മടവൂർ പാറ ഗുഹാ ക്ഷേത്ര സന്ദർശനം, ഓല നെയ്ത്, വേര് ശില്പ നിർമാണം, പപ്പടം നിർമാണം, ഓണ സദ്യ, ഓണ സമ്മാനം എന്നിവയുണ്ടാകും. തേക്കടി പാക്കേജിൽ തേനീച്ച വളർത്തൽ, വലിയ പാറ വ്യൂ പോയിൻറ് സന്ദർശനം, ഒട്ടകതലമേട് വ്യൂ പോയിൻറ് സന്ദർശനം, പപ്പടം നിർമാണം, നെയ്ത്, എന്നിവയാണുള്ളത്. വയനാട് പാക്കേജിൽ എടക്കൽ ഗുഹ സന്ദർശനം, തേയിലത്തോട്ടസന്ദർശനം, അന്പെയ്ത്ത് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.