അനിൽ തോമസ്
തൃശൂർ: അത്തം പിറന്നാൽ പത്താംനാൾ തിരുവോണം ആഘോഷിക്കണമെന്നാണു ചട്ടം. കോവിഡ് കാലിയാക്കിയ കീശയിലെ അവസാന ചില്ലിക്കാശുകൊണ്ട് ഇത്തവണയെങ്കിലും ഓണം ആഘോഷിക്കാമെന്നു മോഹിച്ച മലയാളിക്ക് ആദ്യ തിരിച്ചടിയായിരിക്കുകയാണു പൂവില.
അത്തംനാളിൽ നഗരത്തിൽ ഉയർന്ന താത്കാലിക കടകളിൽ കൈ പൊള്ളുന്ന വിലയാണു പൂക്കൾക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിലേറെ വിലവർധനവുണ്ടായിട്ടുണ്ട്. പൂക്കളുടെ വരവും കുറവാണ്.
കർക്കടകം കഴിയുന്നതോടെ കൂടുതലായി പൂക്കൾ വന്നു തുടങ്ങും. അതിനുശേഷം വില കുറഞ്ഞേക്കുമെന്നു കച്ചവടക്കാർ പറയുന്നു.
കർക്കടക മാസത്തിൽ തമിഴ്നാട്ടിലും കർണാടകയിലും ക്ഷേത്രങ്ങളിൽ പതിവിലേറെ പൂജകൾ നടക്കാറുണ്ട്. പൂജാദ്രവ്യങ്ങൾക്കൊപ്പം പൂക്കൾ പ്രധാന ഘടകമായതിനാൽ കൃഷിയിടങ്ങളിൽനിന്ന് നേരെ ഇത്തരം സ്ഥലങ്ങളിലേക്കാണു പൂക്കൾ പോകുന്നത്.
ശേഷിക്കുന്നവയാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്. നിലവിലെ വിലവർധനവിനു കാരണം ഇതാണെന്നാണു കച്ചവടക്കാർ പറയുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പൂക്കൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കോവിഡ് മൂലമുള്ള സാന്പത്തിക പ്രതിസന്ധിയും നിയന്ത്രണങ്ങളും കർക്കടകമാസത്തിൽ ആഘോഷങ്ങൾ പതിവില്ലാത്തതുമാകാം കാരണം.
കർക്കടകം കഴിഞ്ഞാൽ പൂവിപണി സജീവമാകുമെന്നാണ് കച്ചവടക്കാരുടേയും പ്രതീക്ഷ.
താത്കാലിക സ്ഥിരം കൃഷിയിടത്തിലെ വില
മഞ്ഞ ചെണ്ടുമല്ലി 120 120 110
വെള്ള ജമന്തി 300 220 190
ചെണ്ടുമല്ലി 100 50 40
വാടാമല്ലി 160 140 120
അരളി 200 140 110
പനിനീർ റോസാപ്പൂ 200 160 140