അത്തം പുലരുന്നതോടെ ഓണത്തിന്റെ വരവറിയിച്ച് ഇനി പൂക്കളങ്ങളൊരുങ്ങും. എന്നാൽ മലയാളിക്ക് പൂക്കളമൊരുക്കണമെങ്കിൽ ഇത്തവണയും അന്യസംസ്ഥാനത്തെ പൂപ്പാടങ്ങളിൽനിന്നു പൂക്കളെത്തണം. ഓണ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് പൂക്കൾ എത്തിത്തുടങ്ങി.
തമിഴ്നാട്ടിലെ തോവാള, ശീലയം പെട്ടി എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതലായി പൂക്കളെത്തുന്നത്. ഇതിനു പുറമേ മധുരയിലെ മാട്ടുത്താവണി, കോയന്പത്തൂർ, കർണാടകയിലെ ഗുണ്ടൽപ്പെട്ട്, ഹൊസൂർ, ബംഗളുരു എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും ഓണവിപണി കണക്കിലെടുത്ത് വൻതോതിൽ പൂക്കളുടെ കൃഷിയും വിപണനവും നടക്കുന്നുണ്ട്.
വിവിധ തരത്തിലുള്ള പൂക്കളാണ് ഇവിടെ നൂറുകണക്കിന് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഇതിനു പുറമേ ഇവിടെ പ്രാദേശിക തലത്തിൽ കൃഷി ചെയ്യുന്ന പൂക്കളും ഇത്തവണ പൂക്കടകളിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. നേരത്തേ തൊടികളിൽനിന്നു ധാരാളമായി ലഭിച്ചിരുന്ന നാടൻ പൂക്കൾ ഇപ്പോൾ കിട്ടാനില്ലാത്തതിനാൽ വില കൊടുത്തു വാങ്ങുന്ന പൂക്കളുപയോഗിച്ചാണ് പൂക്കളമൊരുക്കുന്നത്.