കോഴിക്കോട്: ഓണം വിപണിയിലെ വ്യാജന്മാരെ പിടികൂടാനും ഗുണനിലവാരം ഉറപ്പാക്കാനും കർശന പരിശോധനയ്ക്കു ഭക്ഷ്യസുരക്ഷാവകുപ്പ്. പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് സെപ്റ്റംബർ രണ്ടുമുതൽ പരിശോധന ആരംഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.
ഓണം വിപണിയിലെ മുതലെടുപ്പിനു മായം കലർത്താൻ സാധ്യത കൂടുതലുള്ള പാൽ, പാലട, ധാന്യങ്ങൾ, മസാലപ്പൊടികൾ, ശർക്കര, വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകൾ, ഉപ്പേരി, പായസം മിക്സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികൾ, അരി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പരിശോധിക്കും. പലചരക്കുകടകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ റസ്റ്റാറന്റുകൾ, ബേക്കറി, പച്ചക്കറി സ്റ്റാളുകൾ എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും പരിശോധന നടത്തുക.
കടകളിൽനിന്നു ശേഖരിക്കുന്ന വസ്തുക്കൾ ലാബിൽ പരിശോധനയ്ക്ക് അയക്കും. വിപണിയിൽ വിൽപ്പനയ്ക്കു വയ്ക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണു പരിശോധന. ഗുണനിലവാരത്തകർച്ച ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും.
പാക്കറ്റുകളിൽ കൃത്യമായി മുദ്രപതിപ്പിക്കൽ, ഉത്പന്നങ്ങളുടെ രജിസ്ട്രേഷൻ, പാക്കറ്റുകളിൽ വിവരങ്ങൾ രേഖപ്പെടുത്തൽ, ഉത്പന്നങ്ങളുടെ കാലാവധി എന്നിവ വ്യാപാരികൾ ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേയും കർശന നടപടികളെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.