കോട്ടയം: ഒരാഴ്ചത്തെ നീണ്ട അവധിക്ക് ശേഷം സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തനം ആരംഭിച്ചതോടെ പലയിടത്തും തിരക്ക്. ഓണം, അവിട്ടം, ചതയം തുടങ്ങിയ വിശേഷ ദിവസങ്ങളായിരുന്നതിനാൽ ഒരാഴ്ചയാണ് സർക്കാർ ഓഫീസുകൾക്ക് അവധി ലഭിച്ചത്. ജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് സ്ഥിരം കയറിയിറങ്ങുന്ന ഓഫീസുകൾ പോലും തുറക്കാതിരുന്നത് ഏറെ വലച്ചു.
ദുരിതാശ്വാസ സഹായം ലഭിക്കാത്തവർക്ക് വില്ലേജ്, താലൂക്ക് ഓഫീസുകളിൽ പരാതി നല്കാൻ കഴിഞ്ഞില്ല. വെള്ളം കയറിയ വീടുകളുടെ ഉടമസ്ഥർക്ക് കഴിഞ്ഞ ഏഴിനകം അവരുടെ അക്കൗണ്ടുകളിൽ പതിനായിരം രൂപ എത്തുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ പലർക്കും സഹായ ധനം കിട്ടിയില്ലെന്ന് പരാതിയുണ്ട്. ഇവരൊക്കെ ഇന്നാകും പരാതിയുമായി താലൂക്ക് ഓഫീസുകളിൽ എത്തുക. അതിനാൽ പല ഓഫീസുകളിലും ഇന്ന് നല്ല തിരക്കുണ്ടാകും.
അതുപോലെ സിവിൽ സപ്ലൈസ്, വാട്ടർ അഥോറിറ്റി തുടങ്ങിയ ഓഫീസുകളിലും ഇന്ന് തിരക്ക് അനുഭവപ്പെട്ടു. നഗരസഭാ ഓഫീസുകളിലും തിരക്കാണ്. കാലവർഷക്കെടുതിയിൽ നാശം സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം നല്കുന്നതിനുള്ള അന്വേഷണ റിപ്പോർട്ട് നഗര പ്രദേശങ്ങളിൽ നഗരസഭയാണ് നല്കേണ്ടത്.
ഇതുവരെ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടില്ലെങ്കിൽ അക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തണം. കഴിഞ്ഞ ഒരാഴ്ച അവധിയായതിനാൽ ഉദ്യോഗസ്ഥർക്ക് അന്വേഷണം നടത്താനോ റിപ്പോർട്ട് സമർപ്പിക്കാനോ കഴിഞ്ഞില്ല. ഇക്കാര്യത്തിൽ ഇന്നാകും നടപടികൾ തുടരുക.