സ്വന്തം ലേഖിക
കൊച്ചി: തിരുവോണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കവേ പൂ വിപണി സജീവമായി. ഓഫീസുകളിലും ക്ലബുകളിലുമെല്ലാം ഓണാഘോഷം പൊടിപൊടിക്കുന്പോൾ ഇത്തവണ പൂക്കളം ഇടണമെങ്കിൽ കൈപൊള്ളും.
വിപണിയിൽ പൂക്കൾക്ക് തീ വിലയാണ്. മുൻ വർഷത്തെക്കാൾ പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും വില വർധന പലരെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
അരളിപ്പൂവിന് 1,000
ഒരു കിലോ ചുവന്ന അരളിപ്പൂവ് വാങ്ങണമെങ്കിൽ 1000 രൂപ മുടക്കണം. റോസ് അരളിക്ക് കിലോയ്ക്ക് 800 രൂപയാണ്. പൂക്കളത്തിലെ പ്രധാന ഇനമായ ജമന്തിപ്പൂവിന് വില കൂടുതലാണ്.
മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 250 മുതൽ 350 രൂപ വരെയാണ് ഈടാക്കുന്നത്. ഓറഞ്ച് ജമന്തിക്ക് 250 രൂപയാണ്. വെള്ള ജമന്തിക്ക് 800 രൂപയാണ് കിലോ വില.
നിറത്തിൽ നേരിയ വ്യത്യാസം തോന്നിപ്പിക്കുന്ന ഇതിന്റെ സെക്കൻഡ് ക്വാളിറ്റി കിലോയ്ക്ക് 450 മുതൽ 550 രൂപയ്ക്ക് ലഭിക്കും. തൂവെള്ള ഡാലിയയ്ക്ക് കിലോയ്ക്ക് 1000 രൂപയാണ്.
വയലറ്റ് ഡാലിയ വാങ്ങണമെങ്കിൽ കിലോയ്ക്ക് 1000 മുതൽ 1,200 രൂപ വരെ വരും. വാടാമല്ലിക്ക് 600 രൂപയാണ്. ആസ്ട്രോ ഗോൾഡിന് 1000 രൂപയും ചെണ്ടുമല്ലി ഓറഞ്ചിനും മഞ്ഞയ്ക്കും 500 രൂപയും ഒരു കെട്ട് എവർഗ്രീനിന് 200 രൂപയും മുടക്കണം.
ചുവന്ന റോസാപ്പൂക്കൾ കിലോയ്ക്ക് 700 രൂപയാണ്. പിങ്ക്, മഞ്ഞ, മിക്സഡ്, ഡബിൾ കളർ റോസുകൾക്ക് 600 രൂപ വിലയുണ്ട്. താമരമൊട്ടിന് 50 രൂപ വരും. ഉത്രാട നാളുകളിൽ തുന്പ കുടവും വിപണിയിലെത്തും.
എല്ലാം വരവാണ്
ബംഗളൂരു, ഗുണ്ടൽപേട്ട്, തമിഴ്നാട്, ഡിണ്ടിഗൽ, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്നാണ് കേരള വിപണിയിലേക്ക് പൂക്കൾ എത്തുന്നത്.
തമിഴ്നാട്ടിൽ വിനായചതുർഥി, കല്യാണ സീസണ്, മഴ ഇവയൊക്കെ പൂ വില കൂട്ടാൻ കാരണമായെന്ന് എറണാകുളം നോർത്തിൽ പ്രവർത്തിക്കുന്ന ഒറ്റപ്പാലം മാവേലി ഫൽവേഴ്സ് ഉടമ ഗൗതം പറഞ്ഞു.
വില കൂടുതൽ കാരണം ഒരു കിലോ പൂവാങ്ങാനെത്തുന്നവർ കാൽക്കിലോ പൂ വാങ്ങിയാണ് പോകുന്നത്. വരും ദിവസങ്ങളിൽ പൂ വിപണി കൂടുതൽ സജീവമാകും.
എങ്കിലും ഇങ്ങനെ വില കൂടി നിൽക്കുന്നത് വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണെന്നാണ് ഗൗതം പറയുന്നത്.
മുല്ലപ്പൂ വില കുറഞ്ഞു
കഴിഞ്ഞ ദിവസങ്ങളിൽ വില കത്തിക്കയറിയ മുല്ലപ്പൂവിന് വില അൽപം കുറഞ്ഞു. ഒരുകിലോ മുല്ലപ്പൂവിന് കിലോയ്ക്ക് ഇപ്പോൾ 1,600 രൂപ മുടക്കിയാണ് കേരളത്തിലെ കച്ചവടക്കാർ വാങ്ങുന്നത്.
ഒരു മുഴം മുല്ലപ്പൂവിന് 50 മുതൽ 80 രൂപ വരെയായിട്ടാണ് ഇപ്പോൾ വില്പന നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കിലോയ്ക്ക 2,500 രൂപ വരെ മുല്ലപ്പൂ വില ഉയർന്നിരുന്നു.
ഒരു മുഴം മുല്ലപ്പൂവിന് 150 മുതൽ 200 രൂപയായിട്ടാണ് ഇന്നലെ നഗരത്തിൽ വില്പന നടന്നത്. കോളജുകളിലും ഓഫീസുകളിലുമൊക്കെ ഓണാഘോഷം നടക്കുന്നതിനാൽ മുല്ലപ്പൂവിന് ഇപ്പോൾ വൻ ഡിമാൻഡാണ്.
കേരളീയ വേഷത്തിലെത്തുന്ന പെണ്കൊടികൾ എന്തുവില കൊടുത്തും മുല്ലപ്പൂ വാങ്ങാൻ ഒരുക്കവുമാണ്.